കഴിഞ്ഞ കുറച്ചു മാസങ്ങളായി റഷ്യയ്ക്കുവേണ്ടി പോരാടാൻ ഉത്തര കൊറിയൻ സൈനികർ ഉണ്ടായിരുന്നെങ്കിലും ജീവഹാനി പോലെയുള്ള കനത്ത നഷ്ടങ്ങൾ കാരണം ഉത്തര കൊറിയൻ സൈനികരെ യുദ്ധമുഖത്തുനിന്ന് പിൻവലിച്ചെങ്കിലും റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയിലെ മുൻനിരയിലേക്ക് ഉത്തര കൊറിയൻ സൈന്യം തിരിച്ചെത്തിയതായി അറിയിച്ച് യുക്രൈൻ പ്രസിഡന്റ്. വെള്ളിയാഴ്ച ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് സെലെൻസ്കി ഇക്കാര്യം വെളിപ്പെടുത്തിയത്.
ജനുവരിയിൽ, ഉത്തര കൊറിയയിൽ നിന്നയച്ച 11,000 സൈനികരിൽ കുറഞ്ഞത് ആയിരം പേരെങ്കിലും കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. എന്നാൽ ഉത്തര കൊറിയയും റഷ്യയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ദക്ഷിണ കൊറിയൻ ഇന്റലിജൻസ് നൽകുന്നതായി ആരോപിക്കപ്പെടുന്ന സമീപകാല റിപ്പോർട്ടുകൾ, ഉത്തര കൊറിയൻ സൈനികർ ആധുനിക യുദ്ധത്തിന് തയ്യാറല്ലെന്നും യുക്രേനിയൻ ഡ്രോണുകൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും സമീപമാസങ്ങളിൽ സുരക്ഷാ-പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചതുൾപ്പെടെ ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമാക്കിയതിനെത്തുടർന്നാണ് സൈനികരെ വിന്യസിച്ചത്.