Tuesday, November 26, 2024

ഉത്തര കൊറിയയില്‍ ജനന നിരക്ക് കുറയുന്നു: ആശങ്ക പ്രകടിപ്പിച്ച് കിം ജോങ് ഉന്‍

രാജ്യത്ത് ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഞായറാഴ്ച പ്യോങ്‌യാങ്ങിൽ അമ്മമാർക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് കിം, ഇതു സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചത്. ഈ വെല്ലുവളിയെ നേരിടാന്‍ എല്ലാവരും ശ്രമിക്കണമെന്ന് കിം പറഞ്ഞതായി ഉത്തര കൊറിയന്‍ ദേശീയമാധ്യമമായ കെ.എ.സി.എന്‍.എ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോര്‍ട്ടുകള്‍പ്രകാരം ഉത്തര കൊറിയയിൽ ഒരു സ്ത്രീക്കു ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം 1.8 ആണ്. എന്നാല്‍ അയല്‍രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഉത്തര കൊറിയയിൽ പ്രത്യുല്‍പാദന നിരക്ക് കൂടുതലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ജനന നിരക്ക് കുറയുന്നത് നേരിടാന്‍ ശ്രമിക്കണമെന്ന നിര്‍ദേശം കിം ഉയര്‍ത്തിയത്.

അതിനിടെ, ദേശീയ ശക്തി ശക്തിപ്പെടുത്തുന്നതിൽ അമ്മമാർ വഹിച്ച പങ്കിന് ഉത്തര കൊറിയൻ നേതാവ് നന്ദിപറഞ്ഞു. രാജ്യത്തെ നയിക്കുന്നതിലും പാർട്ടിപ്രവർത്തനവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുമ്പോൾ താന്‍ അമ്മമാരെക്കുറിച്ചു ചിന്തിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News