അമേരിക്കയും ദക്ഷിണ കൊറിയയുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ 240 എംഎം റോക്കറ്റ് ലോഞ്ചര്‍ പരീക്ഷണവുമായി ഉത്തരകൊറിയ. പരീക്ഷണത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പങ്കെടുത്തു. ഈ ആഴ്ച ആദ്യം, കിം പുതിയ സൂയിസൈഡ് ഡ്രോണുകളുടെ പരിശോധനകള്‍ നിരീക്ഷിക്കുകയും ആളില്ലാ വാഹനങ്ങള്‍ക്കായി കൃത്രിമബുദ്ധി വികസിപ്പിക്കാന്‍ ഗവേഷകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തന്ത്രപ്രധാനമായ കാലാള്‍പ്പട, പ്രത്യേക ഓപ്പറേഷന്‍ യൂണിറ്റുകള്‍, തന്ത്രപരമായ നിരീക്ഷണം, മള്‍ട്ടി പര്‍പ്പസ് ആക്രമണ ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് വിന്യസിക്കാന്‍ കഴിയുന്ന വിവിധ തരം ഡ്രോണുകള്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനും കിം ഗവേഷകരോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ഡ്രോണുകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കണമെന്നും കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു.
ഉക്രെയ്നിനെതിരായ യുദ്ധത്തില്‍ സമീപ മാസങ്ങളില്‍ റഷ്യയ്ക്ക് പീരങ്കി ഷെല്ലുകളും മിസൈലുകളും മറ്റ് ഉപകരണങ്ങളും ഉത്തരകൊറിയ നല്‍കിയതായി യുഎസ്, ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഓഗസ്റ്റ് 4 വരെ ഉത്തര കൊറിയ റഷ്യയിലേക്ക് 12,000 കണ്ടെയ്നറുകള്‍ അയച്ചിട്ടുണ്ട്.
മോസ്‌കോയും പ്യോങ്യാങ്ങും ആയുധ കൈമാറ്റ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും സൈനിക ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ വികസിപ്പിക്കുന്നതിനായി വ്യവസായ വൈസ് മന്ത്രിയുടെ നേതൃത്വത്തിലുള്ള റഷ്യന്‍ പ്രതിനിധി സംഘം ചര്‍ച്ച നടത്തിയതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.