ചാര ഉപഗ്രഹദൗത്യം വിജയിച്ചതില്‍ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമറിയിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ രംഗത്ത്. ശാസ്ത്രജ്ഞര്‍ക്കും സാങ്കേതികവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും വ്യാഴാഴ്ച നല്‍കിയ സ്വീകരണത്തിലാണ് കിം അഭിനന്ദനമറിയിച്ചത്. ദൗത്യവിജയത്തെ, ബഹിരാകാശ ശക്തിയുടെ പുതിയ യുഗം എന്നും കിം വിശേഷിപ്പിച്ചു.
ചൊവ്വാഴ്ചയാണ് ചാര ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഉത്തര കൊറിയ പ്യോങ്യാങ്ങില്‍ നിന്നും വിക്ഷേപിച്ചത്. മുമ്പു നടത്തിയ രണ്ട് വിക്ഷേപണങ്ങൾ പരാജയപ്പെട്ടതിനുപിന്നാലെയാണ് വീണ്ടും ഉത്തര കൊറിയ പരീക്ഷണം നടത്തിയത്. റോക്കറ്റ് വിക്ഷേപിച്ചതിനുപിന്നാലെ ഏതാനും മണിക്കൂറുകൾക്കുശേഷം, ഗുവാമിലെ യു.എസ് സൈനികതാവളങ്ങളുടെ ചിത്രങ്ങൾ ചാര ഉപഗ്രഹം പകര്‍ത്തിയതായും ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയ അവകാശപ്പെട്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
“ചാര ഉപഗ്രഹദൗത്യം രാജ്യത്തിന്റെ സ്വയംപ്രതിരോധത്തിനു സഹായിക്കും. ഇത് ബഹിരാകാശ ശക്തിയുടെ പുതിയ യുഗമാണ്” – കിം പറഞ്ഞു. തങ്ങളുടെ സൈന്യത്തിന് ലോകത്തെ മുഴുവൻ ആക്രമിക്കാനുള്ള ശേഷി ചാര ഉപഗ്രഹദൗത്യം നൽകുമെന്ന് ഉത്തര കൊറിയൻ പ്രധാനമന്ത്രി കിം ടോക് ഹുന്നും വ്യക്തമാക്കി. അതേസമയം, വിക്ഷേപണത്തെ യു.എന്നും യു.എസും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ഉത്തര കൊറിയയ്ക്ക് റഷ്യയിൽനിന്ന് സഹായം ലഭിച്ചതായി ദക്ഷിണ കൊറിയയും ആരോപണമുന്നയിച്ച് രംഗത്തെത്തി