അധികാരത്തിന്റെ നൂറാം ദിനം ആഘോഷമാക്കി, തന്നെ തടയാൻ ഒന്നിനും കഴിയില്ലെന്ന മുന്നറിയിപ്പ് നൽകി ട്രംപ്. മിഷിഗണിൽ ഒരു പ്രചാരണ ശൈലിയിലുള്ള റാലിക്കൊപ്പം തന്റെ അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റ് റാഡിക്കൽ ഇടതുപക്ഷ ജഡ്ജിമാർക്കെതിരെ, ‘എന്നെ തടയാൻ ഒന്നിനും കഴിയില്ല’ എന്ന മുന്നറിയിപ്പ് നൽകിയായിരുന്നു ട്രംപ് തന്റെ അധികാരത്തിന്റെ നൂറാം ദിനം ആഘോഷമാക്കിയത്.
യു എസിൽ നിന്ന് എൽ സാൽവഡോറിലെ ജയിലിലേക്ക് അയച്ച വെനിസ്വേലൻ കുടിയേറ്റക്കാരുടെ വീഡിയോയുടെ ഞെട്ടിക്കുന്ന കാഴ്ചയും പ്രസിഡന്റ് അവിടെ അവതരിപ്പിച്ചു. ഹോളിവുഡ് ശൈലിയിലുള്ള സംഗീതത്തിന്റെയും ജനക്കൂട്ടത്തിന്റെ ആരവങ്ങളുടെ അകമ്പടിയോടെയായിരുന്നു ഈ പ്രകടനം.
89 മിനിറ്റ് നീണ്ടുനിന്ന ട്രംപിന്റെ പ്രസംഗം തീരും മുൻപു തന്നെ ആളുകൾ അവിടെ നിന്നും പോയിരുന്നു. “നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ആദ്യ നൂറു ദിവസങ്ങൾ ആഘോഷിക്കാൻ നമ്മുടെ രാജ്യത്തിന്റെ ഹൃദയഭാഗത്ത് ഇന്ന് രാത്രി ഞങ്ങൾ ഇവിടെയുണ്ട്” – ട്രംപ് പ്രഖ്യാപിച്ചു. “നൂറു ദിവസങ്ങൾക്കുള്ളിൽ, ഏകദേശം നൂറു വർഷത്തിനുള്ളിലെ ഏറ്റവും ആഴത്തിലുള്ള മാറ്റം വാഷിംഗ്ടണിൽ ഞങ്ങൾ കൊണ്ടുവന്നു” എന്നും ട്രംപ് അവകാശപ്പെട്ടു.