ഫ്രാൻസിന്റെ അഭിമാനമായ നോട്രെ ഡാം കത്തീഡ്രലിന്റെ വാതിലുകൾ വീണ്ടും തുറന്നു. ഡിസംബർ ഏഴ് ശനിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ പാരീസ് ആർച്ച്ബിഷപ്പ് ലോറന്റ് ഉൾറിച്ചിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമ്മങ്ങൾ. കത്തീഡ്രലിന്റെ കൂദാശാകർമം നിർവഹിച്ചുകൊണ്ടുള്ള വിശുദ്ധ ബലിയർപ്പണം നടക്കുന്നത് മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഇന്ന് രാവിലെയാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, നിയുക്ത യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഫ്രാൻസിലെയും മറ്റു രാജ്യങ്ങളിലെയും 170 ബിഷപ്പുമാരും നിരവധി വൈദികരും സമർപ്പിതരും വിശ്വാസികളും സന്നിഹിതരായിരുന്നു. ഏകദേശം 1,500 പേർ പങ്കെടുത്ത ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വായിച്ചു.
അതീവ സുരക്ഷാസംവിധാനത്തിലായിരുന്നു നോട്രെ ഡാം കത്തീഡ്രൽ വീണ്ടും തുറന്നത്. അൻപതോളം രാഷ്ട്രത്തലവന്മാർ പങ്കെടുത്ത പരിപാടിയിൽ ശനി, ഞായർ ദിവസങ്ങളിലായി ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും ജെൻഡർ മേരിയിലെ അംഗങ്ങളെയും വിന്യസിസിച്ചിരുന്നു.
2019 ഏപ്രിൽ 15 നാണ് എട്ടര നൂറ്റാണ്ട് പഴക്കമുള്ള നോട്രെ ഡാം കത്തീഡ്രലിൽ തീപിടുത്തമുണ്ടായത്.