തീപിടുത്തത്തെ തുടർന്ന് നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം പാരീസിലെ നോത്ര ഡാം കത്തീഡ്രൽ ഇന്ന് തുറക്കും. പാരീസ് ആർച്ച്ബിഷപ്പ് ലോറന്റ് ഉൾറിച്ചിന്റെ മുഖ്യകാർമികത്വത്തിലായിരിക്കും തിരുക്കർമങ്ങൾ നടക്കുക. കത്തീഡ്രലിന്റെ കൂദാശാകർമം നിർവഹിച്ചുകൊണ്ടുള്ള വിശുദ്ധ ബലിയർപ്പണം നടക്കുന്നത് മാതാവിന്റെ അമലോദ്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് രാവിലെയാണ്.
ഡിസംബർ 7, 8 ദിനങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ നോത്ര ഡാം കത്തീഡ്രൽ വിശ്വാസികൾക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, നിയുക്ത യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഫ്രാൻസിലെയും മറ്റു രാജ്യങ്ങളിലെയും 170 ബിഷപ്പുമാരും നിരവധി വൈദികരും സമർപ്പിതരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും.
അതീവ സുരക്ഷാസംവിധാനത്തിലായിരിക്കും നോട്രെ ഡാം കത്തീഡ്രൽ വീണ്ടും തുറക്കുക. അൻപതോളം രാഷ്ട്രത്തലവന്മാർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന പരിപാടിയിൽ ശനി, ഞായർ ദിവസങ്ങളിൽ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും ജെൻഡർ മേരിയിലെ അംഗങ്ങളെയും വിന്യസിക്കുമെന്ന് പാരീസ് പൊലീസ് മേധാവി ലോറന്റ് ന്യൂനെസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
2019 ഏപ്രിൽ 15 നാണ് എട്ടര നൂറ്റാണ്ട് പഴക്കമുള്ള നോട്രെ ഡാം കത്തീഡ്രലിൽ തീപിടുത്തമുണ്ടായത്.