സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലുണ്ടായ കൊലപാതകങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അപലപിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളും ഒരു മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയ 31കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
“രാജ്യത്തെ നടുക്കിയ കൊലപാതകങ്ങളില്‍ ഞങ്ങളുടെ ചിന്തകള്‍ പരിക്കേറ്റവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ്” ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സ് സെഷന്റെ തുടക്കത്തില്‍ ഋഷി സുനക് പറഞ്ഞു. മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ഒരു ഭീകരാക്രമണമായി കണക്കാക്കുന്നില്ലെന്ന് യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ പാര്‍ലമെന്‍റിനെ അറിയിച്ചു.
അതേസമയം, കത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇന്ത്യന്‍ വംശജയാണെന്നാണ് വിവരം. മെഡിക്കല്‍ വിദ്യാര്‍ഥിയും ഹോക്കി-ക്രിക്കറ്റ് താരവുമായി ഗ്രേസ് ഒമാലി കുമാറാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ട മൂന്നാമത്തെ ആള്‍ 60 വയസ്സുള്ള ഒരു പ്രാദേശിക സ്‌കൂള്‍ കെയര്‍ടേക്കര്‍ ആണെന്നും പൊലീസ് അറിയിച്ചു. കോട്‌സെന്നു പേരുളള ഇയാളുടെ വാന്‍ തട്ടിയെടുത്ത് പ്രതി കാല്‍നട യാത്രക്കാര്‍ക്കു നേരെ വാഹനം ഒടിച്ചു കയറ്റുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.