Tuesday, November 26, 2024

നവംബര്‍ 8: അന്താരാഷ്ട്ര റേഡിയോഗ്രാഫി ദിനം

എക്സ് റേഡിയേഷൻ അഥവാ എക്സ്റേ (X-rays) കണ്ടുപിടിച്ചതിന്റെ സ്മരണയ്ക്കായി ലോകം, നവംബര്‍ 8 -ന് അന്താരാഷ്ട്ര റേഡിയോഗ്രാഫി ദിനമായി ആചരിക്കുന്നു. രോഗികളുടെ രോഗനിർണയത്തിലും ചികിത്സയിലും നിർണായകപങ്കു വഹിക്കുന്ന റേഡിയോഗ്രാഫിക് ഇമേജിംഗിനെയും തെറാപ്പിയെയുംകുറിച്ച് പൊതുജന അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിവിധ ദേശീയ റേഡിയോഗ്രാഫർമാരുടെ അസോസിയേഷനുകളും സൊസൈറ്റികളും ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു. ലോക റേഡിയോഗ്രാഫി ദിനമായ നവംബര്‍ 8 -ന്റെ ചരിത്രം, തീം, പ്രാധാന്യം എന്നിവയെക്കുറിച്ചറിയാം.

ലോക റേഡിയോഗ്രാഫി ദിനത്തിന്റെ ചരിത്രം

ജര്‍മ്മന്‍ ശാസ്ത്രജ്ഞനായിരുന്ന വിൽഹെം കോൺറാഡ് റോണ്ട്ജെൻ, തന്റെ പരീക്ഷണശാലയില്‍ കാഥോഡ് റേ ട്യൂബ് ഉപയോഗിച്ചുള്ള ചില പരീക്ഷണങ്ങൾക്കിടെയാണ് അവിചാരിതമായി എക്സ്റേ കണ്ടെത്തുന്നത്. കാഥോഡ് റേ ട്യൂബ് ഉപയോഗിച്ചായിരുന്നു ഈ കണ്ടെത്തല്‍. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന കിരണങ്ങളുടെ തീവ്രതയനുസരിച്ച് കാഥോഡ് റേ ട്യൂബുകളുടെ ഘടനയിൽ വ്യത്യാസം വരുത്തിയാണ് അദ്ദേഹം എക്സ്റേ ലോകത്തിന് സംഭവന ചെയ്തത്. 1895 നവംബര്‍ എട്ടിനായിരുന്നു ഇത്.

എക്‌സ്‌റേ കണ്ടെത്തിയതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് അന്താരാഷ്ട്ര റേഡിയോഗ്രാഫി ദിനം ആചരിക്കുന്നത്. ശാസ്ത്രീയമായ ഈ മുന്നേറ്റത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ഈ സംഭാവനയ്ക്ക്, പ്രഥമ ഭൗതികശാസ്ത്ര നോബല്‍ നല്‍കി വിൽഹെം കോൺറാഡ് റോണ്ട്ജെനെ ലോകം ആദരിക്കുകയും ചെയ്തു.

എക്സ്റേ കണ്ടുപിടിച്ച് ഒരാഴ്ച കഴിഞ്ഞ് റോണ്ട്ജൻ തന്റെ ഭാര്യയുടെ കൈയുടെ ഒരു എക്സ്റേ ഫോട്ടോ എടുത്തതായും പറയപ്പെടുന്നു. വിവാഹമോതിരം, അസ്ഥികൾ എന്നിവ വെളിപ്പെടുന്ന ചിത്രമായിരുന്നു അത്. എക്സ്റേ റോണ്ട്ജൻ റേയ് എന്നും അറിയപ്പെടാറുണ്ട്. എന്നാല്‍ ഒരു വർഷത്തിനുശേഷം 1896 -ൽ ജോൺ ഹാൾ എഡ്വേർഡ്സാണ് ആദ്യമായി ഒരു ശസ്ത്രക്രിയാ ഓപ്പറേഷനിൽ എക്സ്റേ ഉപയോഗിച്ചതെന്നും ചരിത്രം സാക്ഷിക്കുന്നു. വാസ്തവത്തിൽ റോണ്ട്ജൻ, എക്സറേ കണ്ടെത്തി ഒരു മാസത്തിനുശേഷം, മെഡിക്കൽ ഉദ്യോഗസ്ഥർ യൂറോപ്പിലും യു.എസിലും റേഡിയോഗ്രാഫുകൾ ഉപയോഗിക്കാൻ തുടങ്ങി, ആറുമാസത്തിനുശേഷം, യുദ്ധക്കളത്തിൽ പരിക്കേറ്റ സൈനികരെ സഹായിക്കാൻ റേഡിയോഗ്രാഫുകൾ ഉപയോഗിച്ചതായും പറയപ്പെടുന്നു.

ആദ്യത്തെ ലോക റേഡിയോഗ്രാഫി ദിനം 2012 -ൽ

യൂറോപ്യൻ സൊസൈറ്റി ഓഫ് റേഡിയോളജി (ESR), റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക (RSNA), അമേരിക്കൻ കോളേജ് ഓഫ് റേഡിയോളജി (ACR) എന്നിവ ചേർന്നാണ് 2012 -ൽ ആദ്യത്തെ ലോക റേഡിയോഗ്രാഫി ദിനം ആചരിച്ചത്. 1923 ഫെബ്രുവരി 10 -ന് അന്തരിച്ച വിൽഹെം റോണ്ട്‌ജന്റെ ചരമവാർഷികത്തോടനുബന്ധിച്ച് 2011 ഫെബ്രുവരി 10 -ന് ഇ.എസ്.ആർ സംഘടിപ്പിച്ച യൂറോപ്യൻ റേഡിയോളജി ദിനമായിരുന്നു ഇങ്ങനെയൊരു വാർഷികദിനാചരണത്തിലേക്കു നയിച്ചത്. എന്നാൽ യൂറോപ്പിലെ റേഡിയോഗ്രാഫി ദിനാചരണത്തിനുപകരമായി, റോണ്ട്ജെൻ എക്സ്റേ കണ്ടുപിടിച്ചതിന്റെ വാർഷികമായ നവംബർ 8, വാർഷികാഘോഷങ്ങൾക്കായി തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, ഇന്ത്യയിൽ റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷൻ ഓഫ് മധ്യപ്രദേശ് 1996 മുതൽ ഈ ദിനം ആചരിച്ചുവരുന്നുണ്ട്. അന്ന് സംഘടനയുടെ സെക്രട്ടറിയായിരുന്ന ശിവകാന്ത് വാജ്‌പേയ് ആണ് ഈ ദിനാചരണത്തെക്കുറിച്ച് നിർദേശിച്ചത്.

ലോക റേഡിയോഗ്രാഫി ദിനത്തിന്റെ പ്രാധാന്യം

റേഡിയോഗ്രാഫി മേഖലയെ ആദരിക്കുന്നതിനും റേഡിയോഗ്രാഫർമാരുടെ നിർണായകസംഭാവനകളെ അംഗീകരിക്കുന്നതിനും സമകാലിക ആരോഗ്യസംരക്ഷണത്തിൽ മെഡിക്കൽ ഇമേജിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ലോക റേഡിയോഗ്രാഫി ദിനം ഈ വിദഗ്ധർക്ക് ഇമേജിംഗ് പ്രക്രിയയെക്കുറിച്ചും വിവിധ ഡയഗ്നോസ്റ്റിക് ടെസ്റ്റുകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ഒരേസമയം, ഈ നടപടിക്രമങ്ങളിൽ വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനും അവസരമൊരുക്കുന്നു.

2023 -ലെ ലോക റേഡിയോഗ്രാഫി ദിനത്തിനായി തിരഞ്ഞെടുത്ത തീം ‘രോഗിയുടെ സുരക്ഷ ആഘോഷിക്കുന്നു’ എന്നതാണ്. ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉയർത്തിപ്പിടിക്കുന്നതിലും രോഗികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിലും ആരോഗ്യപരിപാലന പ്രൊഫഷണലുകളുടെ സുപ്രധാന ഉത്തരവാദിത്വത്തെ ഈ തീം അടിവരയിടുന്നു

Latest News