ഇന്ത്യയുടെ യുപിഐയും സിംഗപൂരിന്‍റെ പേനൗവും തമ്മില്‍ ബന്ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതോടെ ഇന്ത്യക്കും സിംഗപ്പൂരിനുമിടയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള പണം കൈമാറ്റം കൂടുതല്‍ എളുപ്പമായി.
യുപിഐ- പേ നൗ സേവനങ്ങള്‍ ബന്ധിപ്പിച്ചതിലൂടെ വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും ഇരുരാജ്യങ്ങളിലേയും ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, അവരുടെ കുടുംബങ്ങൾ എന്നിവരെയും ഇത് സഹായിക്കും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂർ ഉപയോക്താക്കൾക്ക്, ഡിബിഎസ് -സിംഗപ്പൂർ വഴിയാണ് ഈ സേവനം ലഭ്യമാകുക. കാലക്രമേണ കൂടുതൽ ബാങ്കുകളെ ലിങ്കേജിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ അറിയിച്ചു.
വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (മാസ്) മാനേജിങ് ഡയറക്ടർ രവി മേനോനും ചേർന്നാണ് ആദ്യ ഇടപാട് നടത്തിയത്. ഒരു ഇന്ത്യൻ ഉപയോക്താവിന് ഒരു ദിവസം 60,000 ഇന്ത്യൻ രൂപ ($725.16) വരെ ഈ സംവിധാനത്തിലൂടെ അയയ്ക്കാന്‍ കഴിയും. നേരത്തെ, ഭൂട്ടാൻ, നേപ്പാൾ മലേഷ്യ, ഒമാൻ, യു.എ.ഇ, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങള്‍ യുപിഐയുമായി തങ്ങളുടെ രാജ്യത്തെ പേയ്മന്റ് സേവനങ്ങളെ ബന്ധിപ്പിച്ചിരുന്നു.