സംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ 24 മുതൽ എൻഎസ്എസ് ക്യാമ്പ് ആരംഭിക്കാനുള്ള നിർദ്ദേശം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 26 മുതൽ ആരംഭിക്കാനുള്ള രണ്ടാമത് ഓപ്‌ഷൻ കൂടി ഉണ്ടായിരുന്നെങ്കിലും ഒട്ടേറെ ക്രൈസ്തവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ക്രിസ്തുമസ് ദിവസം ക്യാംപിൽ പങ്കെടുക്കേണ്ടതായി വന്നേക്കാം എന്നുള്ളതിനാലാണ് അത്തരമൊരു തീരുമാനത്തോട് അനേകർ വിയോജിപ്പ് പ്രകടിപ്പിച്ചത്.
കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാ ബാവ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും കാണുകയും ഈ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. അനുഭാവപൂർവ്വമായ ഇടപെടൽ നടത്താമെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ കർദ്ദിനാളിനെ അറിയിക്കുകയുണ്ടായി. അതിനെ തുടർന്ന് എൻഎസ്എസ് ക്യാമ്പ് എല്ലാ സ്‌കൂളിലും ഡിസംബർ 26- ന് ആരംഭിക്കാനുള്ള നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഡിസംബർ 21- ന് പുറത്തിറങ്ങി.