ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കുശേഷം ഇറാനെതിരായ ശക്തിയുടെ ഭീഷണിക്കെതിരെ ചൈന രംഗത്ത്. ഇറാനെതിരെ ട്രംപ് പുതിയ ആണവ കരാറിനായി സമ്മർദം ചെലുത്തുന്ന അവസരത്തിലാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.
ഇറാനുമായി പുതിയ ആണവ കരാറിലെത്താൻ ട്രംപ് ലക്ഷ്യമിട്ടിരുന്നു. ഇറാനെ നേരിടാൻ രണ്ടു വഴികളുണ്ടെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സൈനികമായി നേരിടുക അല്ലെങ്കിൽ കരാറിൽ ഒപ്പിടുക എന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
ഈ അടിയന്തര അന്താരാഷ്ട്ര സുരക്ഷാവിഷയത്തിൽ ഒരു പവർ ബ്രോക്കറായി സ്വയം നിലകൊള്ളാൻ ബീജിംഗ് ലക്ഷ്യമിടുന്ന വേളയിലാണ് ചൈന, ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിലെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നത്. നിലവിലെ സാഹചര്യത്തിന്റെ മൂലകാരണങ്ങൾ ഇല്ലാതാക്കുന്നതിനും ഉപരോധ സമ്മർദവും ബലപ്രയോഗ ഭീഷണിയും ഉപേക്ഷിക്കുന്നതിനും ബന്ധപ്പെട്ട കക്ഷികൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും ചൈനയുടെ എക്സിക്യൂട്ടീവ് വൈസ് വിദേശകാര്യ മന്ത്രി മാ ഷാവോക്സു മാധ്യമങ്ങളോടു പറഞ്ഞു.
ഇറാനെതിരായ യു എസ് ഉപരോധങ്ങൾക്കെതിരെ ചൈനീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിച്ചു. കൂടാതെ, 2015 ലെ കരാറിൽനിന്ന് ഒന്നാം ട്രംപ് ഭരണകൂടം വാഷിംഗ്ടണിനെ പിൻവലിച്ചതിനുശേഷം ആരംഭിച്ച ട്രംപ് ഭരണകൂടത്തിന്റെ സമ്മർദത്തെ വിമർശിക്കുകയും ചെയ്തു.
ബീജിംഗിൽ റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബാദിയും തമ്മിലായിരുന്നു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. സാഹചര്യം വഷളാക്കുന്ന നടപടികൾ ഒഴിവാക്കാനും നയതന്ത്ര ശ്രമങ്ങൾക്ക് അനുകൂലമായ അന്തരീക്ഷവും സാഹചര്യങ്ങളും സംയുക്തമായി സൃഷ്ടിക്കാനും ആഹ്വാനം ചെയ്തതായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.