Monday, February 24, 2025

“ഇത്രയും ഭയാനകമായ യുദ്ധത്തിൽ അവശേഷിക്കുന്നത് പ്രതീക്ഷ മാത്രം”: യുക്രൈനിലെ യുദ്ധത്തിന്റെ മൂന്നാം വാർഷികത്തിൽ ന്യൂൺഷ്യോ

ഫെബ്രുവരി 24 ന് റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് മൂന്നുവർഷങ്ങൾ പിന്നിടുകയാണ്. യു എൻ കണക്കുകൾപ്രകാരം, 2400 ലധികം കുട്ടികൾ ഉൾപ്പെടെ 12,600 ലധികം സാധാരണക്കാർ ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടു. കൂടാതെ, 10 ശതമാനത്തിധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തു. യുദ്ധം മൂലം രണ്ടു ദശലക്ഷത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. എല്ലാം തകർത്തെറിഞ്ഞ ഈ യുദ്ധത്തിൽ അവശേഷിക്കുന്നത് പ്രതീക്ഷ മാത്രമാണെന്ന് യുക്രൈനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ വിശ്വൽദാസ് കുൽബോകാസ് വെളിപ്പെടുത്തുന്നു.

സംഘർഷം രൂക്ഷമാകുമ്പോൾ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം യുക്രേനിയക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. വേദനയും നാശവും നിലനിൽക്കുന്നെങ്കിലും യുദ്ധത്തിൽ കഷ്ടപ്പെടുന്നവരുടെ ഏക ആശ്രയം പ്രത്യാശയാണെന്ന് ന്യൂൺഷ്യോ വിശ്വൽദാസ് ഊന്നിപ്പറയുന്നു. “ഈ വർഷം പ്രതീക്ഷയുടെ ജൂബിലിവർഷമായി മാർപാപ്പ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഭയാനകമായ ഇത്തരമൊരു യുദ്ധത്തിൽ പ്രതീക്ഷയല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഈ മൂന്നാം വാർഷികം ഒരു പ്രത്യേക തീയതിയല്ല. കാരണം, എല്ലാ ദിവസവും ഞങ്ങൾക്ക് യുദ്ധത്തിന്റെ ദിവസമാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പോസ്തോലിക ന്യൂൺഷ്യോയെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നം, റഷ്യൻ പ്രദേശത്തെ യുദ്ധത്തടവുകാരുടെയും സിവിലിയൻ തടവുകാരുടെയും അവസ്ഥയാണ്. “ആയിരക്കണക്കിന് തടവുകാർ മനുഷ്യത്വരഹിതമായ അവസ്ഥകൾ അനുഭവിക്കുന്നു” – അദ്ദേഹം അപലപിച്ചു. ഉദാഹരണത്തിന്, റഷ്യയിലെ ജയിലിൽ ഏതാണ്ട് മൂന്നുവർഷം കഴിഞ്ഞ ലുഡ്മില എന്ന 60 വയസ്സുള്ള ഒരു സ്ത്രീയുടെ സാക്ഷ്യം, “ആഴ്ചകളോളം ആ സ്ത്രീയെ ഉറങ്ങാൻ അനുവദിക്കാതെ പീഡിപ്പിച്ചു. എന്താണ് ചെയ്യുന്നതെന്നറിയാതെ അവൾ ചില രേഖകളിൽ ഒപ്പിടുകയായിരുന്നു” എന്ന് അദ്ദേഹം പറയുന്നു.

സാധാരണക്കാരെ മോചിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം പ്രതിസന്ധി കൂടുതൽ വഷളാക്കുന്നു. “സൈന്യത്തിന് ഒരു എക്സ്ചേഞ്ച് സംവിധാനമുണ്ട്; എന്നാൽ സാധാരണക്കാർക്കില്ല. അവരുടെ സ്ഥിതി കൂടുതൽ നിരാശാജനകമാണ്” – അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News