ജൂതവിരുദ്ധതയുടെ പേരിൽ ഓസ്‌ട്രേലിയയിലെ ഇസ്രായേലീരോഗികൾക്ക് ചികിത്സ നിഷേധിക്കുകയോ, കൊല്ലുകയോ ചെയ്യുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞ സിഡ്‌നിയിലെ രണ്ട് നഴ്‌സുമാരെ സസ്‌പെൻഡ് ചെയ്തു. ഇസ്രായേലീരോഗികളെ ചികിത്സിക്കേണ്ടിവന്നാൽ അവരെ കൊല്ലുമെന്നു പ്രഖ്യാപിച്ച ന്യൂ സൗത്ത് വെയിൽസ് ആരോഗ്യപ്രവർത്തകർക്കെതിരെയാണ് നടപടി എടുത്തത്. ഡോക്ടറാണെന്ന് വ്യാജമായി അവകാശപ്പെട്ട ഒരു നഴ്‌സ്, ഇസ്രായേലീരോഗികളെ കൊന്നതായിപ്പോലും പറഞ്ഞതായി 9 ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയിൽ ജൂതന്മാരെ ലക്ഷ്യമിട്ടു നടക്കുന്ന സെമിറ്റിക് വിരുദ്ധ ആക്രമണങ്ങളുടെ ഒരു തരംഗത്തിനിടയിലാണ് ഈ സംഭവം. സമീപമാസങ്ങളിൽ രാജ്യത്തുടനീളമുള്ള ജൂതന്മാരുടെ സിനഗോഗുകൾ, കെട്ടിടങ്ങൾ, കാറുകൾ എന്നിവയ്ക്കുനേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ, സിഡ്‌നിയിൽ സ്‌ഫോടകവസ്തുക്കൾ വഹിക്കുന്ന ഒരു കാരവാനും ജൂതലക്ഷ്യങ്ങളുടെ പട്ടികയും കണ്ടെത്തിയിട്ടുണ്ട്.
ഫെഡറൽ ആരോഗ്യമന്ത്രി മാർക്ക് ബട്‌ലർ വീഡിയോയെ അപലപിച്ചുകൊണ്ട് ഓരോ ആരോഗ്യ വിദഗ്ദ്ധനും ‘നിങ്ങളുടെ മുന്നിൽ വരുന്നവരെ’ പരിപാലിക്കാൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞു.