ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന റഷ്യന്‍ നദിയാണ് ഒബ് ഇര്‍ട്ടിഷ്. പടിഞ്ഞാറന്‍ സൈബീരിയയില്‍ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ ഏഴാമത്തെ നീളമുള്ള നദിയാണ്. ഏഷ്യയിലെ മൂന്നാമത്തേതും. ബിയ, കടുന്‍ നദികളുടെ സംഗമസ്ഥാനത്ത് അല്‍തായ് ക്രായിയിലെ ബെയ്‌സ്‌കില്‍ നിന്ന് 25 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഒബ് രൂപം കൊള്ളുന്നത്. ആര്‍ട്ടിക് സമുദ്രത്തിലേയ്ക്ക് ഒഴുകുന്ന ഈ നദിയുടെ നീളം, 3,700 കിലോമീറ്ററാണ്. റഷ്യയിലെ മൂന്നാമത്തെ വലിയ നഗരമായ ന്യൂ സൈബീരിയ എന്നര്‍ത്ഥം വരുന്ന നോവോസിബിര്‍സ്‌ക് ആണ് ഇതിന്റെ തീരത്തുള്ള പ്രധാന നഗരം.
ചൈനയുടെ പടിഞ്ഞാറന്‍ കോണായ വടക്കന്‍ കസാക്കിസ്ഥാനിലേക്കും മംഗോളിയയുടെ പടിഞ്ഞാറന്‍ മുനമ്പിലെ ഒരു ചെറിയ പാഴ്സലിലേക്കും ഇതിന്റെ പോഷകനദികള്‍ വ്യാപിക്കുന്നു. ഒബ് നദീതടത്തിന് ഏകദേശം 1,500,000 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. റഷ്യ, ചൈന, മംഗോളിയ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. നദീതടത്തിലുടനീളം വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളും നിലനില്‍ക്കുന്നു. ഒബിന്റെ നദീതടത്തില്‍ കൂടുതലും സ്റ്റെപ്പ്, ടൈഗ, ചതുപ്പുകള്‍, തുണ്ട്ര, മരുഭൂമി തുടങ്ങിയ ഭൂപ്രകൃതികള്‍ അടങ്ങിയിരിക്കുന്നു. ബിര്‍ച്ചുകള്‍, പൈന്‍സ്, സരളവൃക്ഷങ്ങള്‍, ദേവദാരു എന്നിവ ഈ പ്രദേശങ്ങളില്‍ വളരുന്ന പ്രശസ്തമായ മരങ്ങളാണ്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉദ്യാനമായ ഗള്‍ഫ് ഓഫ് ഒബും ഇതിന്റെ ഭാഗമാണ്.
രണ്ടു വാക്കുകള്‍ ചേര്‍ത്തുള്ള പേരില്‍ നിന്നുതന്നെ ഈ നദി രണ്ട് പ്രധാന അരുവികളാല്‍ നിര്‍മ്മിതമാണെന്ന് വ്യക്തമാണ്. ഒബും അതിന്റെ ഏറ്റവും നീളമുള്ള പോഷകനദിയായ ഇര്‍ട്ടിഷും ചേര്‍ന്നതാണിത്. ഒബ് എന്ന റഷ്യന്‍ വാക്കിനര്‍ത്ഥം നദി, വെള്ളം എന്നൊക്കെയാണ്. ഇര്‍ട്ടിഷ് എന്നത് ഇംഗ്ലീഷ് പേരാണ്. റഷ്യന്‍ സാമ്രാജ്യത്തിന്റെ വികാസത്തിനുമുമ്പ്, ഒബ് നദീതടത്തെ പ്രാദേശിക വംശജര്‍ കൈവശപ്പെടുത്തിയിരുന്നു. അവര്‍ അവരുടെ ഉപജീവനത്തിനും ആശയവിനിമയത്തിനും നദിയെ പ്രയോജനപ്പെടുത്തി. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ മംഗോളിയന്‍ ഭരണത്തിന്‍ കീഴിലായിരുന്നു ഈ നദി. 1558 മുതല്‍ റഷ്യന്‍ സര്‍ ഇവാന്‍ നാലാമന്‍ സൈബീരിയയുടെ പ്രദേശം പിടിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 1581 നും 1584 നും ഇടയില്‍, കോസാക്ക് നേതാവ് യെര്‍മാക് തിമോഫെവിച്ച് ഒബ് നദി കണ്ടെത്തി.
ജലസേചനം, കുടിവെള്ളം, ജലവൈദ്യുതി, മീന്‍പിടുത്തം എന്നിവയ്ക്ക് ഒബ് നദി ഉപയോഗപ്പെടുത്തുന്നു. നദിയില്‍ അമ്പത് ഇനത്തിലധികം മത്സ്യങ്ങള്‍ ഉണ്ട് (സ്റ്റര്‍ജന്‍, കരിമീന്‍, പെര്‍ച്ച്, നെല്‍മ, പെലെഡ് മുതലായവ). നദിക്കരയില്‍ നിരവധി ജലവൈദ്യുത നിലയങ്ങളുമുണ്ട്. ഏറ്റവും വലുത് 460 മെഗാവാട്ട് റേറ്റുചെയ്ത നോവോസിബിര്‍സ്‌കായ ജി.ഇ.എസാണ്. ടോബോള്‍, ഡെമ്യങ്ക, ഇഷിം എന്നിവയാണ് ഒബ് ഇര്‍ട്ടിഷിന്റെ പ്രധാന കൈവഴികള്‍.
ഒരു വര്‍ഷത്തിന്റെ പകുതിയോളം നദി തണുത്തുറഞ്ഞിരിക്കും. ബാക്കിയുള്ള സമയങ്ങളില്‍ ആളുകളുടെയും ചരക്കുകളുടെയും ഗതാഗതത്തിനായി വന്‍തോതില്‍ നദി ഉപയോഗിക്കപ്പെടുത്തുകയും ചെയ്യുന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ (തണുത്തുറയാത്ത സമയം) ലോകത്തിന്റെ വിവിധ കോണുകളിലേയ്ക്ക് ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള തിരക്കേറിയ പാതയാണ് ഈ നദി. ഇര്‍ട്ടിഷ് നദിയില്‍ ഏഴ് പ്രധാന പാലങ്ങളും ഉണ്ട്. ഭൂരിഭാഗം സമയത്തും ഇത് സഞ്ചാരയോഗ്യവുമാണ്.