ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസികയാത്രകള്‍ റദ്ദാക്കിയതായി അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ്. വ്യാഴാഴ്ച പ്രസ്താവനയിലുടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ടൈറ്റാനിക് കാണാനായുള്ള സാഹസിയ വിനോദയാത്രകള്‍ ഉള്‍പ്പടെ എല്ലാ പര്യവേഷണങ്ങളും വാണിജ്യപ്രവർത്തനങ്ങളും താൽക്കാലികമായി അവസാനിപ്പിക്കുന്നതായാണ് പ്രഖ്യാപനം.
വൈബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച്, ജൂണ്‍ മാസത്തേക്കായി രണ്ട് സാഹസിക വിനോദയാത്രകള്‍ക്കായിരുന്നു ഓഷ്യന്‍ ഗേറ്റ് തയ്യാറെടുപ്പ് നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ടൈറ്റന്‍ പേടകം പൊട്ടത്തെറിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പര്യവേഷണങ്ങള്‍ അവസാനിപ്പിക്കുന്നതായി കമ്പനി പ്രസ്താവനയിറക്കിയത്. വെബ്സൈറ്റിലെ ചെറിയ കുറിപ്പല്ലാതെ മറ്റു വിവരങ്ങളൊന്നും തല്‍ക്കാലത്തേക്ക് ഓഷ്യന്‍ ഗേറ്റ് നല്‍കിയിട്ടില്ല.
അതിനിടെ, ടൈറ്റന്‍ പേടകം തകരാനുണ്ടായ കാരണത്തെക്കുറിച്ച് അമേരിക്കയുടെയും കാനഡയിലെയും വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നതിനിടയിലാണ് ഓഷ്യന്‍ ഗേറ്റിന്റെ പ്രഖ്യാപനം. ടൈറ്റാനിക്കിലേക്ക് 2024 ജൂൺ 12 മുതൽ 20 വരെയും ജൂൺ 21 മുതൽ ജൂൺ 29 വരെയുമായിരുന്നു പര്യവേഷണങ്ങള്‍ നിശ്ചയിച്ചിരുന്നത്.