Tuesday, November 26, 2024

ഒഡീഷ ട്രെയിൻ അപകടം; തമിഴരുടെ ഏകോപനത്തിനായി നാലംഗസമിതിയെ ചുമതലപ്പെടുത്തി

ഒഡീഷ ട്രെയിൻ അപകടത്തിൽപ്പെട്ട തമിഴ് ജനങ്ങളുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

“അപകടത്തിൽ അകപ്പെട്ട തമിഴരെ രക്ഷിക്കാൻ ഗതാഗത മന്ത്രി എസ് എസ് ശിവശങ്കറിനോടൊപ്പം 3 ഐഎഎസ് ഉദ്യോഗസ്ഥരടങ്ങുന്ന നാലംഗ സംഘത്തെ ഒഡീഷയിലേക്ക് അയച്ചിട്ടുണ്ട്. ഈ സംഘത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ജനങ്ങളെ ഏകോപിപ്പിക്കും” -സ്റ്റാലിൻ വ്യക്തമാക്കി. അപകടത്തിൽ കുടുങ്ങിപ്പോയ യാത്രക്കാരെ കടത്തിവിടാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വെള്ളിയാഴ്ച രാത്രി മുതൽ സ്റ്റേറ്റ് എമർജൻസി കൺട്രോൾ റൂം പ്രവർത്തിച്ചു തുടങ്ങിയെന്നും യാത്രക്കാർക്ക് സഹായം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്ത സ്ഥലത്ത് തമിഴ്‌നാട്ടിൽ നിന്ന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പട്‌നായിക്കിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയും പരിക്കേറ്റവരുടെ എണ്ണം 900 ആയി ഉയര്‍ന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദുരന്ത മേഖല സന്ദര്‍ശിച്ചതായാണ് വിവരം. ട്രെയിന്‍ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Latest News