ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടതായാണ് വിവരം. ഇന്നലെ രാത്രി 7.20 -ന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപമാണ് ട്രെയിൻ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനുംഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.
അതിനിടെ, മനഃസാക്ഷിയുണ്ടെങ്കിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ആവശ്യപ്പെട്ടു.