റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളര്‍ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് വിപണിയെ സ്വാധീനിക്കുന്നത്.
യുദ്ധം എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയ്ക്ക് വിവിധ രാജ്യങ്ങളും സംഘടനകളും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെ പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നായ റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തെ കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇന്ത്യയില്‍ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ധനവില പുനര്‍നിര്‍ണയം അടുത്തയാഴ്ച പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴിനോ തുടര്‍ന്നുള്ള ദിവസങ്ങളിലോ വില പുനര്‍നിര്‍ണയം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് എണ്ണ കമ്പനികള്‍.