Saturday, November 23, 2024

ഏറ്റവും പ്രായമേറിയ പുരുഷനുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബ്രിട്ടീഷ് പൗരനായ ജോണ്‍ ടിന്നിസ്‌വുഡ്; ആയുസ്സിന്റെ രഹസ്യം ഇത്

ലോകത്ത് നിലവില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ പുരുഷനുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് പൗരനായ ജോണ്‍ ടിന്നിസ്‌വുഡ്. 111 വയസുകാരനായ അദ്ദേഹത്തിന് റെക്കോര്‍ഡ് സ്വന്തമായിട്ട് അധിക ദിവസമായിട്ടില്ല. ഇതിനും മുമ്പ് ഏറ്റവും പ്രായമേറിയ പുരുഷനായി അറിയപ്പെട്ടിരുന്ന വെനിസ്വേലന്‍ പൗരന്‍ ജുവാന്‍ വിന്‍സെന്റെ പെരെസ് മൊറ ഈയാഴ്ചയാണ് മരണപ്പെട്ടത്. ഇതോടെ രണ്ടാം സ്ഥാനക്കാരനായിരുന്ന ജോണ്‍ ടിന്നിസ്‌വുഡിന് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമായി.

1912ല്‍ വടക്കന്‍ ഇംഗണ്ടില്‍ ജനിച്ച ജോണ്‍ ടിന്നിസ്‌വുഡിന് കൃത്യമായി പ്രായം പറഞ്ഞാല്‍ 111 വയസും 222 ദിവസവുമായി. തങ്ങളുടെ വിദഗ്ധര്‍ നടത്തിയ വിലയിരുത്തലുകളുടെയും, ലോകത്ത് ഏറ്റവുമധികം പ്രായമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കുന്ന ഒരു വാര്‍ദ്ധക്യകാല വിജ്ഞാന ഗവേഷണ സംഘത്തിന്റെ കണ്ടെത്തലുകളും അനുസരിച്ചാണ് ജോണ്‍ ടിന്നിസ്‌വുഡിന് ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷനുള്ള പുരസ്‌കാരം സമ്മാനിച്ചതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ അക്കൗണ്ടന്റായും പോസ്റ്റല്‍ സര്‍വീസിലുമൊക്കെ ജോലി ചെയ്തിട്ടുള്ള ജോണ്‍ ടിന്നിസ്‌വുഡ്, അരനൂറ്റാണ്ട് മുമ്പേ ജോലിയില്‍ നിന്നൊക്കെ വിരമിച്ച് വിശ്രമ ജീവിതത്തിലാണ്. അതേസമയം ഈ ദീര്‍ഘായുസിന് കാരണമാവുന്ന അദ്ദേഹത്തിന്റെ ജീവിത ശൈലിയും ഭക്ഷണ ക്രമവുമെല്ലാം അറിയാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാവുക സ്വാഭാവികവുമാണ്. എന്നാല്‍ ഇക്കാര്യം നേരിട്ട് ചോദിച്ചപ്പോള്‍ കൗതുകകരമായിരുന്നു ജോണ്‍ ടിന്നിസ്‌വുഡിന്റെ മറുപടി.

ദീര്‍ഘായുസൊക്കെ വെറും ഭാഗ്യം മാത്രമാണെന്നും അതിനപ്പുറം അതില്‍ വലിയ രഹസ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ഡയറ്റോ മറ്റ് രഹസ്യങ്ങളോ ഇല്ല. മത്സ്യവും ചിപ്‌സും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണ് ഇഷ്ടപ്പെട്ട ഭക്ഷണം. പുകവലിക്കാറില്ല, വല്ലപ്പോഴും മാത്രം മദ്യപിക്കും. പത്രം വായിക്കുകയും റേഡിയോ കേള്‍ക്കുകയുമൊക്കെ ചെയ്യുന്നതാണ് വിനോദങ്ങള്‍. ‘നിങ്ങള്‍ ചിലപ്പോള്‍ കൂടുതല്‍ കാലം ജീവിക്കും, ചിലപ്പോള്‍ കുറച്ചു കാലം ജീവിക്കും, അതിലൊന്നും നിങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News