പഴയനിയമത്തിൽ നിന്നുള്ള പത്തു കൽപനകൾ ആലേഖനം ചെയ്ത ഏറ്റവും പഴക്കമുള്ള ഫലകം അടുത്ത മാസം ലേലത്തിനു വയ്ക്കാൻ ഒരുങ്ങുകയാണ്. 115 പൗണ്ട് ഭാരവും രണ്ട് അടി ഉയരവുമുള്ള ഈ കല്ല് 1913 ൽ ഇന്നത്തെ ഇസ്രായേലിന്റെ തെക്കൻഭാഗത്ത് ഒരു പുതിയ റെയിൽവേ ലൈനിനായി നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയത്.
റോമൻ – ബൈസന്റൈൻ കാലഘട്ടത്തിന്റെ അവസാനത്തിൽ ഏകദേശം 1,500 വർഷം പഴക്കമുള്ള ഈ കല്ല് പുരാതനലോകത്തിൽ നിന്നുള്ള ശ്രദ്ധേയമായ ഒരു കരകൗശലവസ്തുവാണ്. എന്നാൽ, ഏറെ നാളുകളായി ഈ ഫലകം വിസ്മൃതിയിലായിരുന്നു.
ആദ്യകാല സിനഗോഗുകൾ, പള്ളികൾ എന്നിവയുടെ സമീപത്തുനിന്നു കണ്ടെത്തിയ ഈ ശിലാഫലകത്തിൽ പാലിയോ-ഹീബ്രു ലിപിയിൽ പത്തു ബൈബിൾ നിയമങ്ങൾ ആലേഖനം ചെയ്തിരുന്നു. കണ്ടെത്തലിന്റെ പ്രാധാന്യം പൂർണ്ണമായും മനസ്സിലാക്കപ്പെടാതെപോയതിനാൽ ഈ കല്ല് മൂന്നു പതിറ്റാണ്ടായി ഒരു വീടിനു പുറത്ത് നടപ്പാതയായി ഉപയോഗിക്കപ്പെട്ടു. ഭാഗ്യവശാൽ, ഫലകത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഒടുവിൽ അംഗീകരിക്കപ്പെടുകയും അത് സംരക്ഷിക്കപ്പെടുകയും ചെയ്തു.
1943 ൽ ഒരു പണ്ഡിതനു വിറ്റ ഈ കല്ല്, പേര് വെളിപ്പെടുത്താത്ത ഈ വ്യക്തി, പല വിശ്വാസങ്ങളുടെയും കേന്ദ്രമായ ദിവ്യകൽപനകൾ ഉൾക്കൊള്ളുന്ന ഒരു പ്രധാന സമരിറ്റൻ ദശകമായി അംഗീകരിച്ചു. അത് യഥാർഥത്തിൽ ഒരു സിനഗോഗിലോ, സ്വകാര്യ വാസസ്ഥലത്തോ പ്രദർശിപ്പിച്ചിരിക്കാമെന്ന് ഫലകം ലേലം ചെയ്യുന്ന സോഥെബിസ് വെളിപ്പെടുത്തുന്നു.
യഹൂദ, ക്രിസ്ത്യൻ പാരമ്പര്യങ്ങൾക്ക് പൊതുവായുള്ള ബൈബിളിൽനിന്നുള്ള വാക്യങ്ങളെ അടുത്തറിയുന്ന 20 വരികൾ ഈ കല്ലിലുണ്ട്. എന്നിരുന്നാലും, പുറപ്പാടിലെ പത്തു കൽപനകളിൽ ഒൻപതു കൽപനകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. “നീ കർത്താവിന്റെ നാമം വ്യർഥമാക്കരുത്” എന്നതാണ് കാണാതായ ഒന്ന്. ഡിസംബർ അഞ്ചു മുതൽ ന്യൂയോർക്കിലെ ഷോ റൂമിൽ പ്രദർശനത്തിനു വയ്ക്കുന്ന ശിലാലിഖിതത്തിന്റെ ലേലം നടക്കുക ഡിസംബർ 18 നാണ്.