Thursday, November 21, 2024

മൂന്ന് കുട്ടികളിൽ ഒരാൾക്ക് മയോപ്പിയ: വെളിപ്പെടുത്തലുമായി പുതിയ പഠനം

കുട്ടികളുടെ കാഴ്ചശക്തി ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയാണ് എന്നും കുട്ടികളിൽ മൂന്നിലൊന്ന് ഹ്രസ്വദൃഷ്ടിയുള്ളവരോ അല്ലെങ്കിൽ ദൂരെയുള്ള കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയാത്തവരോ ആണ് എന്നും വെളിപ്പെടുത്തി പുതിയ പഠനം. ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആറ് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് ദശലക്ഷത്തിലധികം കുട്ടികളിൽ നടത്തിയ നിരീക്ഷണങ്ങൾക്ക് ശേഷമാണു പുറത്തുവന്നത്.

കുട്ടികൾ സ്‌ക്രീൻ ടൈം കൂടുകയും പുറത്ത് സമയം ചെലവിടുന്നത് കുറയുകയും ചെയ്യുന്നതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം എന്ന് പഠനം വ്യക്തമാക്കുന്നു. 2050-ഓടെ ദശലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കാൻ പോകുന്ന ആഗോള ആരോഗ്യ പ്രശ്‌നമാണ് ഹ്രസ്വദൃഷ്ടി അഥവാ മയോപിയ എന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

ഏറ്റവും ഉയർന്ന നിരക്ക് ഏഷ്യയിലാണ് – ജപ്പാനിലെ 85% കുട്ടികളും ദക്ഷിണ കൊറിയയിലെ 73% കുട്ടികളും ഹ്രസ്വദൃഷ്‌ടിയുള്ളവരാണ്, ചൈനയിലും റഷ്യയിലും 40% ത്തിലധികം കുട്ടികളെ ഈ രോഗം ബാധിക്കുന്നു. പരാഗ്വേയിലും ഉഗാണ്ടയിലും ഏകദേശം 1%, യുകെ, അയർലൻഡ്, യുഎസ് എന്നിവിടങ്ങളിൽ 15% വരെ മയോപിയയുടെ ബാധിതരായ കുട്ടികളുണ്ട്. 1990 നും 2023 നും ഇടയിൽ ഹ്രസ്വദൃഷ്ടി മൂന്നിരട്ടിയായി – 36% ആയി ഉയർന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു.

മയോപിയ സാധാരണയായി പ്രൈമറി സ്കൂൾ വർഷങ്ങളിൽ ആരംഭിക്കുകയും ഏകദേശം 20 വയസ്സ് പ്രായമാകുമ്പോൾ പ്രശ്നം രൂക്ഷമായ അവസ്ഥയിൽ എത്തുകയും ചെയ്യുന്നു. ആറ് മുതൽ എട്ട് വയസ്സ് വരെ സ്‌കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്ന ആഫ്രിക്കയിൽ, മയോപിയ ഏഷ്യയെ അപേക്ഷിച്ച് ഏഴ് മടങ്ങ് കുറവാണ്.

ലോകമെമ്പാടുമുള്ള കോവിഡ് ലോക്ക്ഡൗണുകളുടെ സമയത്ത്, ദശലക്ഷക്കണക്കിന് ആളുകൾക്ക് വീടിനുള്ളിൽ ദീർഘനേരം കഴിയേണ്ടി വന്ന അവസ്ഥയാണ് കുട്ടികളിൽ കാഴ്ച പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണം എന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള പകുതിയിലധികം കൗമാരക്കാരെയും ഈ അവസ്ഥ ബാധിക്കുമെന്ന് ഗവേഷണം മുന്നറിയിപ്പ് നൽകുന്നു. പെൺകുട്ടികൾക്കും യുവതികൾക്കും ആൺകുട്ടികളേക്കാളും യുവാക്കളേക്കാളും ഉയർന്ന നിരക്കിൽ മയോപ്പിയ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

 

Latest News