മണിപ്പൂരിൽ കാംഗ്പോക്പി ജില്ലയിൽ മെയ്തികളും കുക്കികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. സംഘർഷത്തിന് ഇടയിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. ടെങ്നോപാൽ ജില്ലയിൽ വെടിവയ്പ്പിൽ 13പേർ കൊല്ലപ്പെട്ട് 26 ദിവസത്തിന് ശേഷമാണ് മണിപ്പൂരിൽ വീണ്ടും അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നത്.
മൊറെയിൽ പോലീസും കലാപകാരികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കമാൻഡോയ്ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 3.30ഓടെ കാംഗ്പോക്പിയിലെ മലമേഖലയിൽ ആണ് ആക്രമണം ആരംഭിച്ചത്. നഖുജാംഗിൽ കുക്കികളുടേയും മെയ്തികളുടേയും ഗ്രാമങ്ങൾക്ക് കാവൽ നിൽക്കുന്നവർ തമ്മിലാണ് വെടിവെപ്പുണ്ടായത്. ഒരു മണിക്കൂറോളം ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് എത്തി ഇവർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് സംഘർഷത്തിന് താത്കാലിക ശമനമുണ്ടായത്.
വൈകുന്നേരം 3.40നാണ് മോറെയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. വാഹനവ്യൂഹത്തിന് നേരെ സായുധസംഘം ബോംബ് എറിയുകയായിരുന്നു. രണ്ടുമണിക്കൂറോളം ഏറ്റുമുട്ടൽ നടന്നു. രണ്ടു സംഭവങ്ങളും മണിപ്പൂർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.