എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സുപ്രീംകോടതിയില്‍. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളജുകളാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
വാളയാറില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന വിഎന്‍ പബ്ലിക് ആന്‍ഡ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ഹര്‍ജി പരിഗണിക്കവേയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അഭിഭാഷകന്‍ ഗൗരവ് ശര്‍മ നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്.
രാജ്യത്ത് മെഡിക്കല്‍ ഫീസ് കൂടുതലായതിനാലാണ് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പഠനത്തിനായി യുക്രെയ്ന്‍ പോലുള്ള വിദേശരാജ്യങ്ങളിലേക്കു പോകുന്നത് എന്ന് ജസ്റ്റീസുമാരായ ബി.ആര്‍. ഗവായ്, വിക്രംനാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്ക് കോളജ് തുടങ്ങാന്‍ അനുമതി നല്‍കിയാല്‍ അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്ന് ഹര്‍ജിക്കാരായ ട്രസ്റ്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.