ഓണാഘോഷത്തിനു ശേഷം മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിന് ഒരു സ്‌പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ച് റെയില്‍വേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു.
ഓണക്കാലത്ത് യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി കേരളത്തിന് രണ്ടു പുതിയ ട്രെയിൻ സർവീസുകൾ കൂടി നേരത്തെ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു. എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ്, കൊല്ലം തിരുപ്പതി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചത്. ഇതിനു പുറമേയാണ് എറണാകുളം-ചെന്നൈ സ്‌പെഷ്യൽ ട്രെയിനിന് അനുമതി നല്‍കിയത്. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലെല്ലാം സ്പെഷ്യല്‍ ട്രെയിന് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
അതേസമയം, ആഴ്‌ചയിൽ ഒരു ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിയിരുന്ന എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ് സ്ഥിര സർവീസാക്കാന്‍ റെയിൽവേ തീരുമാനിച്ചു. രണ്ടു ദിവസമാക്കി സർവീസ് കൂട്ടുമെന്ന് റെയിൽവേ പ്രഖ്യാപിച്ചതോടെ തീർഥാടകർക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും.