Friday, April 11, 2025

രാജ്യത്ത് മറ്റൊരു കോവിഡ് വാക്‌സിനുകൂടി അനുമതി; പ്രത്യേകത കുറഞ്ഞ ചെലവ്

രാജ്യത്ത് മറ്റൊരു കോവിഡ് പ്രതിരോധ വാക്സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്സിനാണ് ഡിസിജെഐ അനുമതി നല്‍കിയത്. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്സിന്‍. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ കോവിഡ് പോരാട്ടങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകരുന്ന നടപടിയാണുണ്ടായിട്ടുള്ളതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

കൗമാരക്കാര്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വാക്സിനാണ് കോര്‍ബെ. 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. നേരത്തെ കോവാക്സിന്‍ കൗമാരക്കാരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് മാത്രമായിരുന്നു കോവാക്സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്.

അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ വാക്സിന് ചെലവു കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അമേരിക്കയിലെ ടെക്സാസിലെ ചില ശാസ്ത്രജ്ഞരാണ് വാക്സിന്‍ വികസിപ്പിച്ചത്. ടെക്സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും ഹൂസ്റ്റണിലെ ബെയ്ലര്‍ കോളജ് ഓഫ് മെഡിസിനും ചേര്‍ന്ന് 2021 അവസാനത്തോടെ വികസിപ്പിച്ചെടുത്ത വാക്സിന്‍ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍, ഓപ്പണ്‍ ലൈസന്‍സോടെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ഉത്പാദനാവകാശം കൈമാറിയത്. കോര്‍ബെവാക്സ് രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ വാക്സിനായിരിക്കുമെന്നാണ് സൂചന. രണ്ടു ഡോസിനും കൂടി 400 രൂപയാകും ചെലവ് എന്ന് കണക്കാക്കപ്പെടുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

Latest News