Sunday, November 24, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും: രാജ്നാഥ് സിംഗ്

എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേസമയമാണ് ആന്ധ്രാപ്രദേശില്‍ നടക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിന്റെ അവസാനത്തോടെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന വാഗ്ദാനം രാജ്യത്താകെ നടപ്പാക്കും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വഴി ഏറെ സമയവും ഊര്‍ജവും ലാഭിക്കാനാകും എന്നും രാജ്‌നാഥ് സിംഗ് കഡപ്പ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. അഴിമതി ഭരണം മൂലം ആന്ധ്രയെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടത് വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ്’ എന്ന് രാജ്നാഥ് സിംഗ് ആരോപിച്ചു.

ആന്ധ്രാപ്രദേശിന്റെ കടം 13.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അഴിമതി ഭരണം അവസാനിപ്പിക്കാനാണ് ബിജെപി സഖ്യം ആന്ധ്രയില്‍ ഒരുങ്ങുന്നത് എന്നും പറഞ്ഞ രാജ്നാഥ് സിംഗ്, സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതില്‍ ജനങ്ങള്‍ അതൃപ്തരാണ് എന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ നല്‍കണമെന്ന് രാജ്നാഥ് സിംഗ് റാലിയില്‍ അഭ്യര്‍ഥിച്ചു.

ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശിന് പുറമെ അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് ഒരേസമയം നടക്കുന്നുണ്ട്. ആന്ധ്രയില്‍ ലോക്സഭ ഇലക്ഷനൊപ്പം മെയ് 13നാണ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. 175 നിയമസഭ മണ്ഡലങ്ങളും 25 ലോക്സഭ സീറ്റുകളുമാണ് ആന്ധ്രാപ്രദേശിലുള്ളത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

 

Latest News