Sunday, November 24, 2024

ലൂണ-25 പേടകം തകര്‍ന്നതിനുപിന്നാലെ ശാസ്ത്രജ്ഞരിൽ ഒരാൾ കുഴഞ്ഞുവീണു

റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രോപരിതലത്തിൽ തകർന്നതിനുപിന്നാലെ ദൗത്യത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരിൽ ഒരാൾ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്. 90-കാരനായ മിഖായേൽ മറോവിയാണ് കുഴഞ്ഞുവീണത്. ശാസ്ത്രജ്ഞനെ മോസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സോവിയറ്റ് യൂണിയനുവേണ്ടി മുൻ ബഹിരാകാശദൗത്യങ്ങളിൽ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞനാണ് മറോവി. റഷ്യയുടെ ചാന്ദ്രപ്രതീക്ഷകൾ തകർത്ത് ലൂണ-25 പേടകം ചന്ദ്രോപരിതലത്തിൽ തകർന്നതിനുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. റഷ്യന്‍ വാര്‍ത്താചാനലായ ആർ.ബി.സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലൂണ-25 ദൗത്യത്തെ തന്റെ ജീവിതത്തിന്റെ പര്യവസാനമായിരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു.

അതേസമയം, അരനൂറ്റാണ്ടിനുശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് കഴിഞ്ഞദിവസം പരാജയപ്പെട്ടത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങുന്നതിനിടെ പേടകത്തിന്റെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങുകയായിരുന്നു. ചന്ദ്രയാൻ 3-നു മുൻപ്, ലൂണ-25 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ. ഈ സംഭവത്തിന് മണിക്കൂറുകൾക്കകം മറോവിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.

Latest News