ജമ്മുകാശ്മീരിലെ പൂഞ്ചില്‍ പാക്ക് ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. പാക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ വൈറ്റ് നൈറ്റ് കോര്‍പ്‌സിലെ ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. അതിര്‍ത്തി കടന്നുള്ള ഷെല്ലിങ്ങില്‍ ജമ്മുകാശ്മീരിലാകെ ഷെല്ലാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ദേശീയ സുരക്ഷാനടപടികൾ ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ന് രാവിലെ 11 മണിക്ക് സർക്കാർ ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തു.
ഓപ്പറേഷൻ സിന്ദൂരിനു ശേഷം നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക്കിസ്ഥാൻ ഏകപക്ഷീയമായ വെടിവയ്പ്പും കനത്ത ഷെല്ലാക്രമണവും നടത്തുകയായിരുന്നു. എന്നാൽ കുപ്വാര, രജൗരി-പൂഞ്ച് മേഖലകളിലെ നിരവധി പാക്കിസ്ഥാൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം വേഗത്തിൽ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്.
പാക്കിസ്ഥാൻ തൊടുത്തുവിട്ട ഷെല്ലുകളിലൊന്ന് ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭയുടെ ഒരു മൂലയിൽ പതിക്കുകയും ഒരു വാതിലിന് കേടുപാടുകൾ സംഭവിക്കുകയും ജനൽചില്ലുകൾ തകരുകയും ചെയ്തുവെന്ന് ജില്ലാ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് നരീന്ദർ സിംഗ് പറഞ്ഞു. പൂഞ്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.