റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് റഷ്യയും ഒരിക്കലും അടിയറവ് പറയില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്പോള്‍ യുദ്ധം ഇനിയും നീളാന്‍ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈന്‍ യുദ്ധത്തിന്റെയും ബാക്കിപത്രം.
മരിയ്ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രൈനിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകള്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരമാണ്. 46 ലോകരാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യുക്രൈന് ആയുധ സഹായം നല്‍കിയിട്ടുണ്ട്.
ഒന്‍പതിനായിരം കോടി രൂപയുടെ ആയുധ സാമ്പത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു എന്നാണ് കണക്ക്. ഇതിന്റെ ഇരട്ടിയോളം തുകയുടെ സഹായം വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. റഷ്യയുടെ ആക്രമണത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എത്തിച്ചുനല്‍കിയ ആയുധങ്ങളാണ്.