Sunday, November 24, 2024

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് രാജ്യ തലസ്ഥാനത്ത് വിലക്ക്

സെപ്തംബര്‍ 8 മുതല്‍ 10 വരെ രാജ്യ തലസ്ഥാനത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. ജി 20 ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. എന്നാല്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സെപ്തംബര്‍ 7 അര്‍ദ്ധരാത്രി മുതല്‍ സെപ്റ്റംബര്‍ 10 അര്‍ദ്ധരാത്രി വരെ ഡല്‍ഹിയിലേക്കുള്ള വാഹനങ്ങളടെ പ്രവേശനം നിയന്ത്രിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനും വിലക്ക് ഏര്‍പ്പെടുത്തിയത്. എന്‍ഡിഎംസി മേഖലയിലെ വാണിജ്യ സേവനങ്ങള്‍ നിര്‍ത്തിയതിനാല്‍, ക്ലൗഡ് കിച്ചണുകളും ഫുഡ് ഡെലിവറികളും ആമസോണ്‍ ഡെലിവറികള്‍ പോലെയുള്ളവയും അനുവദിക്കില്ലെന്ന് സ്പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ എസ് എസ് യാദവ് അറിയിച്ചു.

ഉച്ചകോടി നടക്കുന്ന 8 മുതല്‍ 10 വരെ രാജ്യതലസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. നഗരത്തിലെ കടകള്‍, വ്യാപാര – വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമകളോട്, ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ 8, 9, 10 തീയതികളില്‍ ശമ്പളത്തോടുകൂടിയ അവധി നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ലോക നേതാക്കള്‍ക്കായി ഡല്‍ഹി ആതിഥേയത്വം വഹിക്കുന്നതിനാല്‍ നഗരത്തിലുടനീളം ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.

Latest News