രാജ്യത്ത് ഓൺലൈൻ വായ്പ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ കടുപ്പിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പരിശോധനയിൽ 48 മണിക്കൂറിനകം ലോണ്‍ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരുടെ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. അക്കൗണ്ട് ഇല്ലാതെ വിവിധ ബാങ്കുകളില്‍ നിന്ന് 48 മണിക്കൂറിനകം ലോണുകള്‍ ലഭിക്കുമെന്ന വാഗ്ദാനവുമായി സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയാണ് സംഘം തട്ടിപ്പ് നടത്തി വന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായതോടെ മന്ത്രാലയം പരിശോധന നടത്തുകയായിരുന്നു.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ഇത്തരക്കാരുടെ കെണിയില്‍ വീണത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായുളള മെസേജ് ലഭിച്ചപ്പോഴാണ് പലരും തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കിയത്. ഇതിന്റെ കണ്ണികളായ എട്ട് പേരെയാണ് സുരക്ഷാ സേന അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍ ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.