ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യ സമന്വയിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിലെ ഏറ്റവും ദുർബലരായ അംഗങ്ങളെ അതിന്റെ ദോഷങ്ങളിൽനിന്ന് എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാൻ കഴിയും എന്ന ചോദ്യം വളരെ ഗൗരവമുള്ള ഒന്നാണ്. ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് നടത്തിയ നിരീക്ഷണങ്ങളിൽ ശ്രദ്ധേയമായ ഒരു കാര്യം ഇപ്രകാരമാണ്:
“പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഭൗതികലോകത്ത് ‘നല്ല സ്പർശനം,’ ‘മോശം സ്പർശം’ എന്നിവയെക്കുറിച്ച് അവരെ പഠിപ്പിക്കുന്നതിനപ്പുറം പോകേണ്ടതുണ്ട്. ‘വെർച്വൽ സ്പർശം’ എന്ന ആശയം നാം കൂടുതൽ മനസ്സിലാക്കിയിരിക്കണം. ഓൺലൈൻ ഇടപെടലുകൾ സുരക്ഷിതമായി നടത്താനും സൈബർ സ്പേസിൽ പതിയിരിക്കുന്ന അപകടസാധ്യതകൾ തിരിച്ചറിയാനും പ്രായപൂർത്തിയാകാത്തവർ അറിവും ഉപകരണങ്ങളും കൊണ്ട് സജ്ജരായിരിക്കണം” എന്നും ജസ്റ്റിസ് സ്വരണകാന്ത ശർമ്മ പറഞ്ഞു.
ഇന്റർനെറ്റ് നമ്മുടെ ജീവിതത്തിൽ പ്രവേശിച്ചിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. വേൾഡ് വൈഡ് വെബ് സമൂഹത്തെ, പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കിയെടുക്കാൻ നിലവിൽ വളരെയധികം ബുദ്ധിമുട്ടാണ്. 1990 കളുടെ അവസാനം മുതൽ ഉയർന്നുവന്ന ‘ഡിജിറ്റൽ നേറ്റീവ്സ്’ എന്ന് വിളിക്കപ്പെടുന്നവരുടെ തലമുറകൾക്ക് ഇന്റർനെറ്റ് ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് പരിമിതമായതോ അല്ലെങ്കിൽ അനുഭവമില്ലാത്തതോ ആയ വസ്തുത ഇതിനെ സങ്കീർണ്ണമാക്കുന്നു.
ലോകമെമ്പാടുമുള്ള നൂറുകണക്കിന് യുവതികളും പെൺകുട്ടികളും ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ കൂടുതൽ മികച്ച പിന്തുണ ആഗ്രഹിക്കുന്നുവെന്നാണ് അടുത്തിടെ നടത്തിയ അന്താരാഷ്ട്ര സർവേയിലും പഠനങ്ങളിലും കണ്ടെത്തിയിരിക്കുന്നത്. അവർ പതിവായി അപകടങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും പലർക്കും സഹായത്തിനായി തിരയാൻതക്ക അറിവുള്ളവർ അല്ലെന്നും അവർ പങ്കുവച്ചതായി പഠനം പറയുന്നു.
ലോകമെമ്പാടുമുള്ള ഒമ്പതു രാജ്യങ്ങളിലായി 13-24 വയസ്സ് പ്രായമുള്ള 600 ലധികം യുവതികളെയും പെൺകുട്ടികളെയും സി എൻ എൻ ആസ് ഈക്വൽസും എൻ ജി ഒ പ്ലാൻ ഇന്റർനാഷണലും ചേർന്ന് നടത്തിയ സർവേയിൽ ഭൂരിഭാഗവും (75%) ഓൺലൈനിൽ എപ്പോഴെങ്കിലും ദോഷകരമായ ഉള്ളടക്കം നേരിട്ടിട്ടുണ്ടെന്ന് കണ്ടെത്തി. പത്തിൽ ഒരാൾക്ക് ദിവസേനയോ, മിക്കവാറും എല്ലാ ദിവസവുമോ ഇത് അനുഭവപ്പെടുന്നു. പകുതിയോളം പേർ – അവരിൽ 13 വയസ്സ് പ്രായമുള്ളവരും ഉൾപ്പെടുന്നു – ലൈംഗിക ചിത്രങ്ങളോ, വീഡിയോകളോ കണ്ടതായോ, സ്വീകരിച്ചതായോ റിപ്പോർട്ട് ചെയ്തു. നാലിലൊന്നുപേർ അവർ വിവേചനമോ, വിദ്വേഷപ്രസംഗമോ നേരിട്ടതായി പറഞ്ഞു.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ഏറ്റവും കൂടുതൽ ഭീഷണികൾ നേരിട്ടതെന്ന് സർവേയിൽ പങ്കെടുത്തവർ പറഞ്ഞു. ഇവയെല്ലാംതന്നെ ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ പ്ലാറ്റ്ഫോമുകളാണ്. ഇത്തരം ഓൺലൈൻ ഹരാസ്മെന്റുകൾ മൂലം തങ്ങൾ ദുഃഖം, വിഷാദം, സമ്മർദം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ നേരിടുന്നതായും അവർ വെളിപ്പെടുത്തി. ഭൂരിഭാഗം യുവതികളും പെൺകുട്ടികളും ഓൺലൈനിൽ തങ്ങളുടെ സുരക്ഷയ്ക്ക് ഏറ്റവും ഉത്തരവാദികൾ തങ്ങളാണെന്ന് കരുതി – പലപ്പോഴും ഓഫ്ലൈനിൽ പോയി അക്കൗണ്ടുകൾ സ്വകാര്യമാക്കുന്നു. തൽഫലമായി, തങ്ങളുടെ സുരക്ഷയ്ക്ക് തങ്ങൾ മാത്രം ഉത്തരവാദിത്തമില്ലെന്നു കരുതുന്ന, പ്രതിരോധശേഷിയുള്ളതും എന്നാൽ സ്വയം അടിച്ചമർത്തപ്പെടുന്നതുമായ ഒരു യുവതലമുറ രൂപംകൊള്ളാൻ മാത്രമേ ഇത് കാരണമാകുകയുള്ളൂ.
സർവേകളിൽ അവരെ സംരക്ഷിക്കുന്നതിനും ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്നതിനും എന്താണ് ഏറ്റവും കൂടുതൽ ആവശ്യമെന്നു ചോദിച്ചപ്പോൾ, ഡിജിറ്റൽ സാക്ഷരതയെക്കുറിച്ചുള്ള മതിയായ വിദ്യാഭ്യാസം എന്നതായിരുന്നു ഏറ്റവും കൂടുതൽ തിരഞ്ഞെടുത്ത ഉത്തരം (70%). സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന പരിഹാരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവരിൽ, പത്തിൽ ആറുപേർ (61%) ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള വിദ്യാഭ്യാസ, അവബോധ പരിപാടികൾ ഉദാഹരണത്തിന് സ്കൂൾ, യൂണിവേഴ്സിറ്റി പാഠ്യപദ്ധതികൾ വഴി ഈ സാക്ഷരത നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സ്വയം സംരക്ഷിക്കേണ്ട ഭാരം പൂർണ്ണമായും പെൺകുട്ടികളുടെ ചുമലിൽ വയ്ക്കരുതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആഗോളതലത്തിൽ ലിംഗാധിഷ്ഠിത ദുരുപയോഗത്തെ അഭിസംബോധന ചെയ്യുന്ന യു കെ ആസ്ഥാനമായുള്ള ടെക് എൻ ജി ഒ ആയ ചെയിൻ സ്ഥാപകയും സി ഇ ഒ യുമായ ഹെറ ഹുസൈൻ പറഞ്ഞു: “ഉത്തരവാദിത്തം യുവതികളുടെയും പെൺകുട്ടികളുടെയുംമേൽ ചുമത്തുന്നത് ‘സ്വതസിദ്ധമായി അന്യായമാണ്.’ നിങ്ങൾക്ക് ഉപദ്രവകരമായ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ ലഭിക്കുകയും അവ ഓരോന്നും റിപ്പോർട്ട് ചെയ്യുകയും തുടർന്ന് ആളുകളെ തടയുകയും ചെയ്യേണ്ടിവന്നാൽ ഇരയും അതിജീവിച്ചവനും എന്ന നിലയിൽ നിങ്ങൾ ഏറ്റെടുക്കേണ്ടിവരുന്ന ബാധ്യത അത്രയധികമാണ്.”
ഓൺലൈനിൽ സുരക്ഷിതമായ ഭാവിക്കായി പെൺകുട്ടികൾ ആഗ്രഹിക്കുന്നത്
സുരക്ഷ ഉറപ്പാക്കാൻ എന്താണ് ഇല്ലാത്തതെന്നുള്ള ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് പേർ, പ്ലാറ്റ്ഫോമുകൾ കർശനമായി നടപ്പിലാക്കണമെന്നും ശക്തമായ നിയമനടപടികളുടെ ആവശ്യകതയെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിച്ചു. അതേസമയം, മെച്ചപ്പെട്ട സ്വകാര്യതാ ക്രമീകരണങ്ങളും സുരക്ഷിത ഇടങ്ങളും ആവശ്യമാണെന്ന് നാലിലൊന്ന് പേർ അഭിപ്രായപ്പെട്ടു. കൂടുതൽ ആക്സസ് ചെയ്യാവുന്നതും വിശ്വസനീയവുമായ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ അല്ലെങ്കിൽ കർശനമായ പ്രായപരിധി പരിശോധനാ പ്രക്രിയകൾ ആവശ്യമാണെന്ന് അഞ്ചിൽ ഒരാൾ പറഞ്ഞു.
ഹെൽപ് ലൈനുകളും പ്രാദേശിക പിന്തുണാസേവനങ്ങളും ആവശ്യപ്പെടുകയും ഡിജിറ്റൽ സുരക്ഷിത ഇടങ്ങളുടെ ആവശ്യകത ആവർത്തിക്കുകയും ചെയ്തു. മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് കൂടുതൽ പ്രത്യാഘാതങ്ങൾ, മെച്ചപ്പെട്ട മോഡറേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മെച്ചപ്പെട്ട ഐഡന്റിറ്റി, പ്രായപരിശോധനകൾ, ബോട്ടുകൾക്കു പകരം പരിശീലനം ലഭിച്ച ജീവനക്കാർക്ക് പീഡനമോ മറ്റ് ദോഷകരമായ ഉള്ളടക്കമോ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ തുടങ്ങിയ വ്യവസ്ഥാപരമായ മാറ്റങ്ങളും ആവശ്യപ്പെട്ടു. അതുപോലെതന്നെ ടെക് കമ്പനികൾ തന്നെ നൽകുന്ന ഡിജിറ്റൽ പ്രതിരോധ പരിശീലനവും നിർദേശിക്കപ്പെട്ടു.
“ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ പരിശീലനം നൽകുന്നവർ ആപ്പുകൾ നിർമ്മിക്കുന്ന കമ്പനികളായിരിക്കണം. നമുക്ക് എന്ത് സംഭവിക്കാം അല്ലെങ്കിൽ നമുക്ക് എന്ത് നേരിടാം എന്നതിന് അവരാണ് ഉത്തരവാദികൾ” – ഫിലിപ്പീൻസിൽ നിന്നുള്ള 21-24 വയസ്സുള്ള ഗ്രൂപ്പിലെ പങ്കാളിയായ റെയ്ന പറഞ്ഞു.
ഓൺലൈനിൽ നിങ്ങൾക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നു?
സർവേയിൽ പങ്കെടുത്ത മൂന്നിൽ ഒരാൾ (33%) ഓൺലൈനിൽ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് ചെയ്തു. അനാവശ്യമായ ലൈംഗിക ചിത്രങ്ങൾ (സൈബർ ഫ്ലാഷിംഗ് എന്നറിയപ്പെടുന്നു), വീഡിയോകൾ അല്ലെങ്കിൽ സന്ദേശങ്ങൾ സ്വീകരിക്കുന്നത് ഹാനികരമായ ഉള്ളടക്കത്തിന്റെ ഏറ്റവും സാധാരണമായ അനുഭവമാണെന്ന് സർവേയിൽ പങ്കെടുത്ത യുവതികളും പെൺകുട്ടികളും പറഞ്ഞു.
ഓൺലൈനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വസ്തുനിഷ്ഠീകരണവും ലൈംഗികവൽക്കരണവും ഒരു സാധാരണ അനുഭവമാണ്. സൈബർ ഫ്ലാഷിംഗിലൂടെയുള്ള ദുരുപയോഗവും ഫോട്ടോകൾ, വ്യാജചിത്രങ്ങൾ, ഡീപ്ഫേക്കുകൾ എന്നിവയുടെ സമ്മതമില്ലാതെയുള്ള പ്രകാശനവും കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
“നിങ്ങൾക്ക് കാണാൻ ആഗ്രഹിക്കുന്നതു മാത്രമേ കാണാൻ കഴിയൂ എന്ന വളരെ കർശനമായ ഒരുകൂട്ടം നിയമങ്ങൾ ഉണ്ടായിരിക്കണം” – അവർ പറഞ്ഞു.
ഓൺലൈനിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ
ആത്മവിശ്വാസവും ആത്മാഭിമാനബോധവും കുറയുകയും ഉറക്കം നഷ്ടപ്പെടുകയും പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തെ ബാധിക്കുകയും ചെയ്തതിന്റെ അനന്തരഫലങ്ങളും ഇതിൽ ഉൾപ്പെടുന്നു. നാലിലൊന്നു പേർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിശ്വാസം നഷ്ടപ്പെട്ടു അല്ലെങ്കിൽ ശാരീരികമായി സുരക്ഷിതമല്ലെന്ന് തോന്നി എന്നു പറഞ്ഞു.
ഓൺലൈനിൽ നേരിടുന്ന അപകടങ്ങളെ നേരിടാൻ ഇന്റർനെറ്റിൽ നിന്ന് പൂർണ്ണമായും ഇടവേള എടുക്കുന്നതായി സർവേയിൽ പങ്കെടുത്ത അഞ്ച് യുവതികളിലും പെൺകുട്ടികളിലും ഒരാൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ഓൺലൈൻ ദുരുപയോഗം സ്ത്രീകളെയും പെൺകുട്ടികളെയും നിശ്ശബ്ദരാക്കുന്ന ഫലമുണ്ടാക്കുന്നുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു.
ഗേൾ ഇഫക്റ്റ് എന്ന എൻ ജി ഒ നടത്തിയ ഒരു പഠനത്തിൽ, ജോർദാൻ, യു കെ, യു എസ് എന്നീ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിലെ പെൺകുട്ടികൾ ആൺകുട്ടിളെക്കാൾ കൂടുതൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനോ, സ്വകാര്യവൽക്കരിക്കാനോ, പെരുമാറ്റച്ചട്ടം പാലിക്കാനോ സാധ്യതയുണ്ടെന്ന് കണ്ടെത്തി.
നോർവേയിൽ നടന്ന രണ്ട് സ്വതന്ത്ര വലിയ തോതിലുള്ള സർവേകളിൽ നിന്നുള്ള ഡാറ്റ ശേഖരിച്ച 2021 ലെ ഒരു പഠനത്തിൽ, “ലക്ഷ്യമിടുന്ന സ്ത്രീകൾ, തങ്ങളുടെ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ പുരുഷൻമാരെക്കാൾ കൂടുതൽ ജാഗ്രത പുലർത്താൻ സാധ്യതയുണ്ട്” എന്ന് കണ്ടെത്തി. ബ്രസീലിൽ നിന്നുള്ള 21 കാരിയായ ഫെർണാണ്ട വനിത “ഫുട്ബോളിനെ സ്നേഹിക്കുന്നു; പക്ഷേ കായികവിനോദത്തെക്കുറിച്ചുള്ള ഓൺലൈൻ ചർച്ചകളിൽ ഏർപ്പെടാൻ മടിക്കുന്നു” എന്ന് പറഞ്ഞു. “എന്റെ ടീമിന്റെ പോസ്റ്റുകളിൽ അഭിപ്രായം പറയാൻ എനിക്ക് വളരെ ഭയമാണ്. കാരണം (പെൺകുട്ടികൾക്കെതിരായ) അഭിപ്രായങ്ങൾ എത്രത്തോളം വിഷലിപ്തമാണെന്ന് എനിക്കറിയാം” – ഓഫ്ലൈനിൽ സമയം ചെലവഴിക്കുന്നത് സമ്മർദം നേരിടാൻ സഹായിച്ചതായി അവർ കൂട്ടിച്ചേർത്തു.
ഉത്തരവാദിത്തം എവിടെയാണ്?
ഓൺലൈൻ പ്ലാറ്റ്ഫോമുകളെയും ഡിജിറ്റൽ സാക്ഷരതയെയും മനസ്സിലാക്കുന്നതിലെ തലമുറകളുടെ വിടവ്, സർവേയിലും അഭിമുഖത്തിലും പങ്കെടുത്ത യുവതികളും പെൺകുട്ടികളും ദുരുപയോഗം ചെയ്യുന്നവരെയും കുറ്റവാളികളെയും വേരോടെ പിഴുതെറിയുന്നതിനുള്ള മുതിർന്നവരിലും നിലവിലുള്ള സംവിധാനങ്ങളിലും വിശ്വാസക്കുറവ് കാണിക്കുന്നതിനുള്ള ഒരു കാരണമാണ്.
നിങ്ങളെ ഓൺലൈനിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറ്റവും ഉത്തരവാദിത്തമുള്ളത് ആർക്കാണ്?
സുരക്ഷിതരായിരിക്കുക എന്നത് സ്വന്തം ഉത്തരവാദിത്തമാണെന്ന് ഭൂരിപക്ഷം (67%) പേരും കരുതി. “സഹായിക്കപ്പെടുന്നതിനു പകരം കുറ്റപ്പെടുത്തപ്പെടുമെന്ന് അവർ ഭയപ്പെടുന്നു” എന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. സാങ്കേതിക പ്ലാറ്റ്ഫോമുകൾ കൂടുതൽ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ് നിലവിൽ ഈ പ്രശ്നം പരിഹരിക്കാനുള്ളത്.
2024 ജനുവരിയിൽ, കൗമാരക്കാരായ ഉപയോക്താക്കൾക്കായി മെറ്റാ ‘പ്രായത്തിനനുസരിച്ചുള്ള’ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അവരുടെ ഫീഡുകളിൽനിന്ന് ‘സാധ്യതയുള്ള സെൻസിറ്റീവ് ഉള്ളടക്കവും’ അക്കൗണ്ടുകളും പരിമിതപ്പെടുത്തി. അതോടൊപ്പം മെറ്റായും ടിക് ടോക്കും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും നിരോധിക്കുന്നു. എന്നാൽ, ഓൺലൈൻ ദുരുപയോഗവും ദോഷകരമായ ഉള്ളടക്കവും വർധിക്കുന്നതിൽ പ്ലാറ്റ്ഫോമുകൾ ഇതുവരെ പരാജയപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. പലപ്പോഴും പ്രശ്നങ്ങൾ ഉയർന്നുവന്നതിനുശേഷം സുരക്ഷാനടപടികൾ നടപ്പിലാക്കുന്നു.
ദുരുപയോഗം നിയന്ത്രിക്കുന്നതിന് ഒരു സാംസ്കാരികമാറ്റം ആവശ്യമാണ്. അത് ശക്തമായ നിയമനടപടികളിലൂടെയും ഓൺലൈൻ സുരക്ഷാ വിദ്യഭ്യാസത്തിലൂടെയുമാണ് നേടാൻ സാധിക്കുകയുള്ളൂ. ഭയത്തെക്കാളുപരി ജാഗ്രത സ്വയം ഉത്തരവാദിത്വമായിട്ടാണ് നമ്മുടെ പെൺകുഞ്ഞുങ്ങൾ കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ അത് ആവശ്യമാണെങ്കിലും ആ ഒരു ജാഗ്രത ഇല്ലാതെതന്നെ വളരെ സുരക്ഷിതമായി ഇതെല്ലം ഉപയോഗിക്കാനുള്ള നല്ല നാളേക്കായി നാം ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.