Thursday, May 15, 2025

ഉമ്മന്‍ ചാണ്ടിയാണ് തന്റെ ചാലകശക്തി: പുതുപ്പള്ളി എം.എൽ.എ ആയി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

പുതുപ്പള്ളി എം.എൽ.എ ആയി ചാണ്ടി ഉമ്മൻ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളയ്ക്കുശേഷം നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെയാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. പുതുപ്പള്ളിയുടെ വികസനത്തിന് ഉമ്മന്‍ ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് ചാണ്ടി ഉമ്മന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തലസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചശേഷമാണ് ചാണ്ടി ഉമ്മൻ ആദ്യദിവസം സഭയിലെത്തിയത്. സത്യപ്രതിജ്ഞാച്ചടങ്ങ് കാണാൻ മുതിർന്ന കോൺ​ഗ്രസ്സ് നേതാവ് വി.എം സുധീരനും എത്തിയിരുന്നു. മറിയാമ്മ ഉമ്മനും മകൾ മറിയവും ​ഗാലറിയിലിരുന്ന് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷികളായി. പ്രതിപക്ഷനിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എം.എൽ.എ ഉമാ തോമസിനുസമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പിടം. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍.ജെ.ഡി എം.എൽ.എ കെ.പി മോഹനനു നല്‍കിയിരുന്നു.

37,719 വോട്ടുകളുടെ ചരിത്രഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം.

Latest News