ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ട്. ജനുവരി 18 -ന് ഓപ്പണ്‍ ഡോര്‍സ് പുറത്തിറക്കിയ വേള്‍ഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, ലോകമെമ്പാടും പീഡനം നേരിടുന്ന ക്രിസ്ത്യാനികളുടെ എണ്ണം 2022 -ല്‍ ഏകദേശം 360 ദശലക്ഷമായി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനങ്ങള്‍ നടക്കുന്ന 50 രാജ്യങ്ങളുടെ പട്ടികയില്‍, 2022 -ല്‍ ഉത്തര കൊറിയ ഒന്നാം സ്ഥാനത്തെത്തി. 2021 -ല്‍, താലിബാന്‍ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ ആയിരുന്നു മുന്‍നിരയില്‍. ഓപ്പണ്‍ ഡോര്‍സിന്റെ ഇറ്റാലിയന്‍ ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ നാനി പറയുന്നതനുസരിച്ച്, അഫ്ഗാനിസ്ഥാന്‍ ഏറ്റവും പുതിയ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. കാരണം രാജ്യത്തെ ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണ്. അവര്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ, പലായനം ചെയ്യുകയോ, ഒളിവില്‍ കഴിയുകയോ ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന ചുരുക്കം ചില ക്രിസ്ത്യാനികള്‍ ആദ്യകാല സഭയെപ്പോലെയാണ് ജീവിക്കുന്നതെന്ന് ഇറ്റലിയിലെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ ജനുവരി 18 -ന് നടന്ന വേള്‍ഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘അവര്‍ രഹസ്യമായി വിശ്വാസം ജീവിക്കുന്നു. കാരണം അതാണ് ജീവന്‍ രക്ഷിക്കാനുള്ള ഏകമാര്‍ഗ്ഗം.’ സൊമാലിയ, യെമന്‍, എറിത്രിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഇറാന്‍, സുഡാന്‍, ഇന്ത്യ എന്നിവയാണ് ഈ വര്‍ഷം ‘തീവ്രമായ’ ക്രൈസ്തവ പീഡനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റു രാജ്യങ്ങള്‍.
നൈജീരിയ കൂട്ടക്കൊലകളുടെ പ്രഭവകേന്ദ്രമായി തുടരുന്നു. 2022 -ല്‍ 5,014 ക്രിസ്ത്യാനികളാണ് ഇവിടെ കൊല്ലപ്പെട്ടത്. ലോകമെമ്പാടുമായി വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണത്തില്‍ 90 ശതമാനവും നൈജീരിയയിലാണ്. 2022 -ല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 90% തട്ടിക്കൊണ്ടു പോകലുകള്‍ നടന്നതും നൈജീരിയയിലാണ്. ക്രൈസ്തവ പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ ചൈന 16-ാം സ്ഥാനത്താണ് ഉള്ളത്.