ഹമാസുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 235 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ഇന്ന് പുലര്‍ച്ചെയാണ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍ ഇറങ്ങിയത്. ‘ഓപ്പറേഷന് അജയ്’യുടെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ ഇസ്രയേലിൽ നിന്ന് മടക്കിക്കൊണ്ടുവരാൻ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസ്സി ശ്രമം നടത്തുകയാണ്.
ഇസ്രയേലില്‍നിന്നുള്ള രണ്ടാം ചാർട്ടേഡ് വിമാനത്തിൽ 16 മലയാളികൾ ഉണ്ടെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഡല്‍ഹിയിൽ എത്തിയവർ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രയേൽ എംബസിയിൽ തുടരുകയാണ്.
ഇസ്രായേലില്‍ നിന്നുള്ള 211 ഇന്ത്യന്‍ പൗരന്മാരുമായി ആദ്യ ചാര്‍ട്ടര്‍ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് വിമാനം പുറപ്പെട്ടത്. എല്ലാ ഇന്ത്യക്കാര്‍ക്കും മിഷന്റെ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിരുന്നു. ‘ആദ്യം വരുന്നവര്‍ക്ക് ആദ്യം’ എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്.