ഇസ്രയേല്‍- ഹമാസ് പോരാട്ടം രൂക്ഷമാകുന്നതിനിടെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ദൗത്യവുമായി ഇന്ത്യ. ‘ഓപ്പറേഷന്‍ അജയ്’ എന്നു പേരിട്ടിരിക്കുന്ന ദൗത്യം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. രാജ്യത്തേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നര്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.
ഇസ്രായേലില്‍ നിന്ന് ഇന്ത്യാക്കാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിനാണ് ഇന്തയ ഓപ്പറേഷന്‍ അജയ് ആരംഭിക്കുന്നത്. ഇതിനായി, പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.”-വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും പൂര്‍ണമായും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നേരത്തേ വിവിധ ലോക രാജ്യങ്ങള്‍ ഇസ്രായേലില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചിക്കാന്‍ തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയും രക്ഷാദൗത്യം ആരംഭിക്കുന്നത്. ഇസ്രായേലില്‍ ഏകദേശം 18000തില്‍ പരം ഇന്ത്യാക്കാരുണ്ടെന്നാണ് കണക്കുകള്‍. നിയമവിധേയമായല്ലാതെ ഇസ്രായേലില്‍ ജോലി ചെയ്യുന്നവരെ കൂടി കണക്കിലെടുത്താല്‍ സംഖ്യ ഇനിയും കൂടും.
അതേസമയം, ഇസ്രായേൽ-പലസ്തീൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ വിവരങ്ങളും സഹായങ്ങളും കൺട്രോൾ റൂം മുഖാന്തരം നൽകും.
കൺട്രോൾ റൂമിലെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ:
1800118797 (ടോൾ ഫ്രീ)
+91-11 23012113
+91-11-23014104
+91-11-23017905
+919968291988