പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂർ. സിന്ദൂരം തുടച്ചുനീക്കിയവർക്കുള്ള ചുട്ടമറുപടിയായ ഈ പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പഹൽഗാം ആക്രമണത്തിനു തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണസ്വാതന്ത്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിന് പ്രതീകാത്മകത വളരെ കൂടുതലാണ്. വിവാഹത്തിന്റെ പ്രതീകമായി ഹിന്ദുസ്ത്രീകൾ നെറുകയിൽ ചാർത്തുന്ന സിന്ദൂരത്തിനെ ‘സിന്ദൂർ’ എന്നും വിളിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടമായത് 25 സ്ത്രീകൾക്കാണ്. നിരവധി കുടുംബങ്ങളാണ് അതുമൂലം നശിപ്പിക്കപ്പെട്ടത്. ഇരകളെ പിടികൂടി, അവരുടെ മതം ചോദിച്ച്, ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽവച്ച് വെടിവച്ചു കൊന്നുകളഞ്ഞു. അതിനാൽ, അവരുടെ മരണത്തിന് പ്രതികാരം ചെയ്യാനുള്ള ഈ നടപടിക്ക് ‘ഓപ്പറേഷന് സിന്ദൂർ’ എന്ന് പേരിട്ടിരിക്കുന്നത് ഉചിതമാണെന്നുതന്നെ വേണം പറയാൻ.
“നീതി നടപ്പായി; ജയ് ഹിന്ദ്” എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ സൈന്യം പുറത്തിറക്കിയ ഒരു ചിത്രത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്. സിന്ദൂരത്തിലെ ഒരു ‘ഒ’ സ്ത്രീകൾ സിന്ദൂരമിട്ടു വയ്ക്കുന്ന ചെപ്പാണ്. അതിൽ സിന്ദൂരച്ചെപ്പിൽ നിന്നും സിന്ദൂരം ചിതറിപ്പോയത് 25 സ്ത്രീകളുടെ ജീവിതംതന്നെ ഇല്ലാക്കിയ ക്രൂരതയുടെ പ്രതീകമായി കണക്കാക്കുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിനപ്പുറം മറ്റൊരു പേരില്ല.