ജോഹന്നാസ്ബർഗിൽ നിന്ന് നൂറ് മൈൽ തെക്കുപടിഞ്ഞാറായി സ്റ്റിൽഫോണ്ടെയ്നിനടുത്തുള്ള ബഫൽസ്ഫോണ്ടെയ്നിലെ അനധികൃത സ്വർണ്ണഖനിയിൽ ജോലിചെയ്യുന്ന തൊഴിലാളികളെ പുറത്തെത്തിക്കാൻ ഖനിയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി റിപ്പോർട്ട്. അനധികൃത ഖനിയിൽ കഴിഞ്ഞ വർഷം ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ വിതരണം പൊലീസ് തടയുകയും ഖനിത്തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം സർക്കാരും ആരംഭിച്ചിരുന്നു. ഖനിത്തൊഴിലാളികളിൽ നിന്നുള്ള കത്ത് പുറത്തുവന്നതിനുശേഷം ഭൂമിക്കടിയിലുള്ള തൊഴിലാളിയുടെ സഹോദരി കേസ് കൊടുത്തിരുന്നു. ഇതിനകം 109 പേർ മരിച്ചതായി കത്തിൽ അവകാശപ്പെടുന്നു.
തിങ്കളാഴ്ച ഉച്ചയോടെ ഖനിത്തൊഴിലാളികളെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കാൻ തുടങ്ങിയതായി രക്ഷാപ്രവർത്തനം നടത്തുന്ന സ്വകാര്യ കമ്പനിയായ മൈൻസ് റെസ്‌ക്യൂ സർവീസസ് പറഞ്ഞു. “ജീവനാശം ഉണ്ടായത് നിർഭാഗ്യകരമാണ്. ഭൂമിക്കടിയിൽ അപകടകരമായ വാതകങ്ങൾ ഉള്ളതിനാൽ ആരും ഭൂമിക്കടിയിലായിരിക്കാൻ പാടില്ലായിരുന്നു. കൂടാതെ, ഖനിത്തൊഴിലാളികളെ ദുരുപയോഗം ചെയ്തതായും ആരോപിക്കപ്പെടുന്നു” – പൊലീസ് വക്താവ് അത്‌ലെൻഡ മാത്തേ പറഞ്ഞു.
നിരവധി വ്യാവസായിക ഖനികൾ ശോഷിച്ചതിനാൽ സമീപദശകങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ അനധികൃത ഖനനം തഴച്ചുവളർന്നിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ആറായിരം മൈൻഷാഫ്റ്റുകളിൽ, ദക്ഷിണാഫ്രിക്കയുടെ സ്വർണ്ണ ഉൽപാദനത്തിന്റെ 10% ഉൽപാദിപ്പിക്കുന്ന ഏകദേശം 30,000 അനധികൃത ഖനിത്തൊഴിലാളികളുണ്ടെന്ന് വിശകലന വിദഗ്ദ്ധർ കണക്കാക്കുന്നു.
2023 ന്റെ അവസാനത്തിൽ, ദക്ഷിണാഫ്രിക്കയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള അനധികൃത ഖനനം തകർക്കാൻ പൊലീസ് ഓപ്പറേഷൻ ആരംഭിച്ചു. നവംബർ ആദ്യം, സ്റ്റിൽഫോണ്ടെയ്‌നിനു ചുറ്റുമുള്ള അവശ്യസാധനങ്ങൾ തടഞ്ഞത് “പട്ടിണിയുടെയും നിർജലീകരണത്തിന്റെയും ഫലമായി” ഒക്ടോബർ പകുതി മുതൽ നൂറുകണക്കിന് ഖനിത്തൊഴിലാളികളെ ഉപരിതലത്തിലേക്ക് എത്താൻ നിർബന്ധിതരാക്കിയതായി അവർ പറഞ്ഞു. എന്നിരുന്നാലും ആ മാസത്തിനുശേഷം കുറച്ച് അവശ്യസാധനങ്ങൾ അയയ്‌ക്കാൻ സർക്കാർ അനുവദിച്ചു.
അറസ്റ്റ് ഒഴിവാക്കാൻ ആളുകൾ മണ്ണിനടിയിൽ ഒളിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. പ്രദേശത്തെ മറ്റൊരു ഖനി ഷാഫ്റ്റിൽ നിന്ന് 1,500 ഓളം പേർ പുറത്തുവന്നിട്ടുണ്ട്.