ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്താബയ രാജപക്‌സെയുടെ പകരക്കാരനെ 20നു പാര്‍ലമെന്റ് തെരഞ്ഞെടുക്കുമെന്ന് സ്പീക്കര്‍ മഹിന്ദ അബേവര്‍ധന.
ഇന്നലെ രാവിലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണു തീരുമാനം. രാജിവയ്ക്കാമെന്നു പ്രസിഡന്റ് ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരണവുമായി രാഷ്ട്രീയകക്ഷികള്‍ മുന്നോട്ടുപോവുകയാണ്.
ശ്രീലങ്കയില്‍ പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ രംഗത്തെത്തി. രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും പ്രസിഡന്റ് പദത്തിനായി ചരടുവലി തുടങ്ങി. അതേസമയം കൊളംബോയില്‍ തന്നെ തുടരുകയാണ് പ്രക്ഷോഭകര്‍.
അടുത്ത മാസം രാജ്യത്ത് സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ താന്‍ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടുമെന്ന് പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സജിത്ത് പ്രേമദാസ അറിയിച്ചു. 2019 ല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച പ്രേമദാസ അന്ന് പരാജയപ്പെട്ടിരുന്നു. രാജ്യത്ത് സ്ഥിരതയുള്ള ഭരണം നല്കാന്‍ തനിക്ക് കഴിയുമെന്നു പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളോട് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഐഎംഎഫുമായി ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തില്‍ റെനില്‍ വിക്രമസിംഗെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതാകും നല്ലത് എന്ന അഭിപ്രായവും ചില പാര്‍ട്ടികളില്‍ ഉയരുന്നുണ്ട്.
പ്രസിഡന്റ് ഗോത്തബയ രജപക്‌സെ ഒരു അയല്‍രാജ്യത്താണ് ഇപ്പോള്‍ ഉള്ളതെന്ന് ലങ്കന്‍ സ്പീക്കര്‍ ബിബിസി റേഡിയോയുടെ അഭിമുഖത്തില്‍ പറഞ്ഞത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇത് ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്ത ആയതോടെ സ്പീക്കര്‍ മഹിന്ദ അബീയാവധന പ്രസ്താവന തിരുത്തി. തനിക്ക് തെറ്റ് പറ്റിയതാണെന്നും പ്രസിഡന്റ രാജ്യത്തു തന്നെ ഉണ്ടെന്നുമായിരുന്നു തിരുത്ത്. അതേസമയം ഗോതബയ പുറങ്കടലില്‍ കപ്പലില്‍ തന്നെ കഴിയുകയാണ് എന്നാണ് ലങ്കന്‍ മാധ്യമങ്ങള്‍ പറയുന്നത്.