പാർലമെൻറ് ശൈത്യകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ഡിസംബർ ഏഴിന് ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പാർലമെൻറിൽ ഉയർത്തേണ്ട വിഷയങ്ങളെക്കുറിച്ച് തീരുമാനമായത്.
കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന കോൺഗ്രസ് പാർലമെൻററി കാര്യ സമിതി യോഗത്തിലാണ് ചർച്ചകൾ സജീവമായത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, വിലക്കയറ്റം, കൊളീജിയം നിയമനങ്ങളിലെ സർക്കാർ ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് പാർലമെൻറിൽ പ്രതിഷേധം കടുപ്പിക്കും. സോണിയാ ഗാന്ധിക്ക് പുറമേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പി. ചിദംബരം, ജയറാം രമേശ്, മനീഷ് തിവാരി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം.
അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുന ഖാർഗെ തന്നെ ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷത്തെ നയിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുമ്പായി പ്രതിപക്ഷ നേതൃത്വം ഒഴിഞ്ഞു കൊണ്ട് പാർട്ടി മുൻ അധ്യക്ഷക്ക് ഖാർഗെ സമർപ്പിച്ച രാജി സോണിയാ സ്വീകരിച്ചിരുന്നില്ല. കൂടാതെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കോൺഗ്രസിലെ മുതിർന്ന നേതാക്കളെ പരിഗണിച്ചെങ്കിലും സമവായത്തിൽ എത്താൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ശൈത്യകാല സമ്മേളനത്തിൽ ഖാർഗെ തന്നെ നയിക്കാൻ തീരുമാനിച്ചത്.