ലോക്‌സഭ സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. സിആര്‍പിഎഫ് ഡി.ജി അനീഷ് ദയാല്‍ സിംഗ് ആണ് അന്വേഷണ സംഘത്തലവന്‍. എല്ലാ സുരക്ഷാ ഏജന്‍സിയുടെയും പ്രതിനിധികള്‍ സമിതിയില്‍ ഉണ്ട്. പാര്‍ലമെന്റിലുണ്ടായ സുരക്ഷ വീഴ്ചയുടെ കാരണങ്ങള്‍ അന്വേഷിക്കും. തുടര്‍ന്ന് സുരക്ഷാ വീഴ്ചയെ പറ്റിയും ഇനിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്. പാര്‍ലമെന്റ് ഭീകര ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ നടന്ന സംഭവം സഭയിലെ അംഗങ്ങളെയും വിവിധ രാഷ്ട്രീയ കക്ഷികളെയും ഞെട്ടിച്ചിരിക്കുകയാണ്.
രാജ്യസുരക്ഷയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ബിജെപി ഇകാര്യത്തില്‍ മറുപടി പറയണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ഭയപ്പാടിന് കേന്ദ്രമാക്കി ബിജെപി മാറ്റുകയാണെന്ന് ബിനോയ് വിശ്വം എം. പി പറഞ്ഞു. ഭരണകക്ഷി പാസ് നല്‍കിയ ആളാണ് അക്രമം നടത്തിയത് എന്നത് തെളിഞ്ഞിരിക്കുകയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ബിജെപി മറുപടി പറയണമെന്ന് ശശിതരൂര്‍ എം. പി ആവശ്യപ്പെട്ടു
എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന സുരക്ഷാ പ്രശ്നമാണെന്നും അതിനാല്‍ തന്നെ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ സഭയെ അറിയിച്ചിട്ടുണ്ട്. ലോകസഭ നാളെ രാവിലെ 11 മണിക്ക് വീണ്ടും സമ്മേളിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.