അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എന്‍ഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്.
കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. നിലവില്‍ ആലുവ റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല.
മെയ് 19 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അവയവ കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ തൃശൂര്‍ സ്വദേശി സാബിത്ത് നാസര്‍ അറസ്റ്റിലാകുന്നത്. മുംബൈയില്‍ അറസ്റ്റിലായ മനുഷ്യക്കടത്തുകാരനില്‍ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ആദ്യം വിവരം കിട്ടുന്നത്.
വൃക്ക നല്കാന് തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. ഇയാള്‍ക്കൊപ്പം അവയവ മാഫിയയില്‍ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട രാമപ്രസാദ് എന്നിവരെ അന്വേഷണ സംഘം പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
ഇറാനിലുള്ള കൊച്ചി സ്വദേശി മധുവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം നീണ്ടു പോകുകയാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. വൃക്ക ദാനം ചെയ്യുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ചാണ് സംഘം ആളുകളെ ഇറാനില്‍ എത്തിച്ചിരുന്നത്.
വൃക്ക നല്‍കുന്നവര്‍ക്ക് ആറ് ലക്ഷം രൂപയോളമാണ് നല്‍കുക. എന്നാല്‍ വൃക്ക സ്വീകരിക്കുന്നവരില്‍ നിന്ന് 1 കോടി രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതോടെ ഇറാന് കേന്ദ്രീകരിച്ച് അന്വേഷണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.