Saturday, April 19, 2025

ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചയാളുടെ അവയവങ്ങള്‍ ആറ് പേര്‍ക്ക് ദാനം ചെയ്തു

ഇക്കഴിഞ്ഞ ചൊവ്വാഴ്ചത്തെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഖായേല്‍ സമ്മറ (27) എന്ന യുവാവ് തന്റെ അവയവങ്ങള്‍ 7 മാസം പ്രായമുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് ദാനം ചെയ്തശേഷമാണ് ഈ ലോകത്തില്‍ നിന്ന് വിടപറഞ്ഞത്. ഹിസ്ബുള്ള ഡ്രോണുകളുടെ ആക്രമണത്തിനിടെയാണ് മിഖായേല്‍ സമ്മറ മരണത്തിന് കീഴടങ്ങിയത്.

‘എന്റെ മകന്‍ ആറ് പേരെ രക്ഷിച്ചു. പക്ഷേ സര്‍ക്കാരില്‍ നിന്ന് ആരും അനുശോചനം അറിയിക്കാന്‍ പോലും വന്നില്ല’. മിഖായേലിന്റെ പിതാവ് നസ്രത്ത് സമ്മറ പറഞ്ഞു.

ചെക്ക് റിപ്പബ്ലിക്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുകയായിരുന്ന സമ്മറ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഇസ്രായേലിലെത്തിയതായിരുന്നു. അവര്‍ താമസിക്കുന്നിടത്ത് നിന്ന് ഏകദേശം ആറ് മൈല്‍ അകലെ റൂട്ട് 4 ഹൈവേയില്‍ വച്ചാണ് കാര്‍ ഓടിക്കുന്നതിനിടെ ആക്രമണമുണ്ടായതും സമ്മറ കൊല്ലപ്പെടുന്നതും.

പടിഞ്ഞാറന്‍ ഗലീലിയിലെ ക്ഫാര്‍ യാസിഫിലാണ് മിഖായേല്‍ സമ്മറ വളര്‍ന്നത്. സ്ലൊവാക്യയില്‍ ജനിച്ച അദ്ദേഹത്തിന്റെ അമ്മ ജങ്ക പ്രാദേശിക പ്രാഥമിക വിദ്യാലയത്തിലെ കായികാധ്യാപികയാണ്. 30 വര്‍ഷം മുമ്പാണ് സമ്മറയുടെ മാതാപിതാക്കള്‍ ഇസ്രായേലിലെത്തിയത്. അവര്‍ക്ക് മറ്റ് രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്.

മൃതദേഹം പൊതുദര്‍ശനത്തിന് വച്ച കമ്മ്യൂണിറ്റി സെന്ററില്‍, ജങ്ക തന്റെ മകന്റെ ഫോട്ടോയ്ക്ക് സമീപം, കണ്ണുകള്‍ പറിക്കാതെ നോക്കി നിന്നു. ‘അവന്‍ ഒരു അവയവ ദാതാവാകാന്‍ ആഗ്രഹിക്കുന്നതായി എന്ന് ആദ്യം എനിക്കറിയില്ലായിരുന്നു. അമ്മയെന്ന നിലയില്‍, അവന്റെ ചര്‍മ്മത്തില്‍ കത്തികളുടെ മുറിവ് ഉണ്ടാകുന്നത് എനിക്ക് ആലോചിക്കാനേ കഴിയില്ലായിരുന്നു. എന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഞാന്‍ ഒരു പുരോഹിതനോട് ചോദിച്ചു. എന്റെ മകന്‍ കാരണം ആര്‍ക്കെങ്കിലുമൊക്കെ ജീവിതത്തിലേയ്ക്ക് തിരിച്ച് വരാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമാണെന്ന അദ്ദേഹം പറഞ്ഞു. ഒരു ഉറുമ്പിനെ നിലത്ത് കണ്ടാല്‍, അവന്‍ അതിനെ ചവിട്ടുകയില്ലായിരുന്നു. മരണത്തിലൂടെയും അവന്‍ മറ്റുള്ളവര്‍ക്ക് ജീവനും ജീവിതവും നല്‍കിയാണ് മടങ്ങിയത്’. ജങ്ക പറയുന്നു.

ഒക്ടോബര്‍ 8 മുതല്‍, ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള സൈന്യം ഇസ്രായേല്‍ കമ്മ്യൂണിറ്റികള്‍ക്കും അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്കും നേരെ ദിവസേന ആക്രമണം നടത്തുകയാണ്. ‘ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കാരണം ഞങ്ങളും വലിയ വില നല്‍കിയിരിക്കുന്നു’. സമ്മറിന്റെ പിതാവ് പറഞ്ഞു.

Latest News