സുസുക്കി മോട്ടോർ കോർപ്പറേഷൻ മുൻ ചെയർമാൻ ഒസാമു സുസുക്കി (94) അന്തരിച്ചു. അർബുദ ബാധിതനായിരുന്ന അദ്ദേഹം ഡിസംബർ 25 നായിരുന്നു മരണമടഞ്ഞത് എന്ന് കുടുംബം അറിയിച്ചു. സംസ്കാരചടങ്ങുകൾ സ്വകാര്യമായി നടത്തിയതായും കുടുംബം വ്യക്തമാക്കി.
40 വർഷത്തിലേറെക്കാലം സുസുക്കി കമ്പനിയെ നയിച്ച വ്യക്തിയായിരുന്നു ഒസാമു സുസുക്കി. 2021 ൽ 91 വയസ്സാകുന്നതുവരെ അദ്ദേഹം കമ്പനിയെ നയിച്ചു. അതിനുശേഷമാണ് തന്റെ വിരമിക്കൽ അദ്ദേഹം പ്രഖ്യാപിക്കുന്നത്. 1958 ൽ സുസുക്കിയിൽ ചേർന്ന അദ്ദേഹം 1978 ൽ കമ്പനിയുടെ പ്രസിഡന്റായി. 28 വർഷം കമ്പനിയുടെ പ്രസിഡന്റായി തുടർന്ന ഒസാമു 2000 ത്തിലാണ് സുസുക്കി ചെയർമാനായി ചുമതലയേൽക്കുന്നത്.
1983 ൽ സുസുക്കി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള നിർണ്ണായക തീരുമാനത്തിനു പിന്നിലും ഒസാമു തന്നെയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചെറുകിട കാറുകളുടെ നിർമാതാക്കളെന്ന നിലയിൽ ഇന്ത്യയിൽ സ്ഥാനമുറപ്പിക്കാൻ സുസുക്കിയ്ക്കു കഴിഞ്ഞു.