Sunday, November 24, 2024

ഒടിടി പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം

ഒടിടി പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. ഒടിടി കണ്ടന്റുകളിലെ അധിക്ഷേപകരമായ ഭാഷയും അശ്ലീല പ്രകടനവും തടയുമെന്നും ആവശ്യമെങ്കില്‍ ഒടിടിക്കു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ടാക്കൂര്‍ പറഞ്ഞു.

സെന്‍സര്‍ഷിപ്പിന്റെ അഭാവത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സെല്‍ഫ് ക്ലാസിഫിക്കേഷന്‍ മാത്രമാണ് ഇപ്പോള്‍. ഒടിടി സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, ഉള്ളടക്കത്തില്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിനും അശ്ലീലം പ്രദര്‍ശിപ്പിക്കുന്നതിനുമെതിരെ എതിര്‍പ്പ് ഉയരാറുണ്ട്. ഒടിടികള്‍ക്കെതിരെ ലഭിക്കുന്ന പരാതികളില്‍ കര്‍ശന നടപടിയെടുത്ത് മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നും അനുരാഗ് ടാക്കൂര്‍ പറഞ്ഞു.

ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഉള്ളടക്കം നിരീക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് അനുരാഗ് ടാക്കൂര്‍ മുമ്പും പറഞ്ഞിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ 95 ശതമാനം പരാതികളും നിര്‍മ്മാതാക്കളുടെ തലത്തില്‍ തന്നെ പരിഹരിക്കപ്പെടുന്നുണ്ടെന്നും മറ്റുള്ളവ രണ്ടാം ഘട്ടത്തില്‍ റിലീസ് ചെയ്യുന്ന പ്ലാറ്റുഫോമുകളില്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആവശ്യക്കാര്‍ കൂടുന്നതോടെ കണ്ടന്റിലെ വൈവിധ്യവും ഒപ്പം മാര്‍ഗരേഖകളുടെ ലംഘനവും സംഭവിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

 

 

 

Latest News