ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് എന്‍വി രമണ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ ചുമതലയേല്‍ക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരില്‍ കൂടുതല്‍ കാലം പദവിയില്‍ തുടര്‍ന്ന ചീഫ് ജസ്റ്റിസാണ് എന്‍വി രമണ. 1957 ഓഗസ്റ്റ് 27ന് ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ ജനിച്ച എന്‍വി രമണ 1983-ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. തുടര്‍ന്ന് ആന്ധ്ര ഹൈക്കോടതിയിലും, മറ്റു ട്രിബ്യുണലുകളിലും, പിന്നീട് സുപ്രീം കോടതിയിലും സേവനമനുഷ്ഠിച്ചു. നിരവധി നിര്‍ണായകമായ സിവില്‍, ക്രിമിനല്‍ കേസുകള്‍ വാദിച്ച് പ്രസിദ്ധനായി. 2000-ല്‍ ആന്ധ്രാപ്രദേശ് ജഡ്ജിയായി നിയമിതനായി.
തുടര്‍ന്ന് 2013ല്‍ സ്ഥാനക്കയറ്റം ലഭിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി. പിന്നീട് 2014-ലാണ് സുപ്രീം കോടതിയിലേക്ക് നിയമിതനായത്. ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ജഡ്ജിയാണ് എന്‍ വി രമണ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് രാജ്യത്തെ 48-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എസ്.എ. ബോബ്ഡെയുടെ പിന്‍ഗാമിയായാണ് നിയമിച്ചത്.
സ്വതന്ത്ര ഇന്ത്യയുടെ 49-ാം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യുയു ലളിത് നാളെ ചുമതലയേല്‍കും. അഭിഭാഷകവൃത്തിയില്‍ നിന്നും സുപ്രീംകോടതി നേരിട്ട് ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് അദ്ദേഹം. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയുമാണ് യുയു ലളിത്. 2014 ഓഗസ്റ്റിലാണ് സുപ്രീംകോടതി യുയു ലളിതിനെ അഭിഭാഷകവൃത്തിയില്‍ നിന്നും ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. മുത്വലാഖ് നിരോധനവും ലൈംഗിക താല്‍പര്യത്തോടെ കുട്ടികളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതെല്ലാം ലൈംഗീകപീഡനമായി കണക്കാക്കാമെന്നും ഉള്‍പ്പെടെയുള്ള സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചത് അദ്ദേഹമായിരുന്നു.