Friday, April 11, 2025

ദേശവിരുദ്ധ വ്യാജ വാര്‍ത്ത: രണ്ടു മാസത്തിനിടെ അറുപതിലേറെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വിലക്കി

രാജ്യത്തിനെതിരായി വ്യാജവാര്‍ത്തകള്‍ (Anti-India Fake News) പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടു മാസത്തിനിടെ റദ്ദാക്കിയത് 60 സമൂഹ മാധ്യമ അക്കൗണ്ടുകള്‍. യൂട്യൂബ് ചാനലുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റേതാണ് നടപടി. രാജ്യസഭയില്‍ അനുബന്ധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രിയായ എല്‍ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. റദ്ദാക്കപ്പെട്ടവയില്‍ 55 യൂട്യൂബ് ചാനലുകളും രണ്ട് വീതം ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടുമാണുള്ളത്.

ദേശവിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്നും എല്‍. മുരുകന്‍ രാജ്യസഭയില്‍ പറഞ്ഞു. പ്രസ് കൗണ്‍സില്‍ നിയമം 14-ാം വകുപ്പ് പ്രകാരമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പത്രപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം 150ല്‍ ഏറെ കേസുകളില്‍ നടപടിയെടുത്തു കഴിഞ്ഞു. വ്യാജ വാര്‍ത്തകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. മുപ്പതിനായിരത്തിലേറെ അന്വേഷണങ്ങള്‍ക്ക് അതിലൂടെ മറുപടി നല്‍കി. മന്ത്രി പറഞ്ഞു. വൈറല്‍ ന്യൂസ് എന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും ഈ യൂണിറ്റ് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

2021 ഫെബ്രുവരിയില്‍ നിലവില്‍വന്ന ഐടി ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി. ഐടി ആക്ട് നിലവില്‍ വന്നശേഷം ഒറ്റയടിക്ക് ഇത്രയും അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടുന്നത് ആദ്യ സംഭവമാണ്. നേരത്തെ രാജ്യത്തിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാന്‍ മന്ത്രാലയം ഉത്തരവിട്ടിരുന്നു. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുവര്‍ക്കെതിരെ സര്‍ക്കാര്‍ ഇത്തരം നടപടികള്‍ തുടരുമെന്ന് വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഐടി ആക്ട് വന്നതോട് കൂടി ഓണ്‍ലൈന്‍ ഇടങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകില്ല എന്നതിന് മാറ്റമുണ്ടാകുമെന്നാണ് ഈ നടപടികളിലൂടെ തെളിയുന്നത്.

 

Latest News