യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിന് സമീപം ഓക്കുമരക്കാടുകളില്‍ വെള്ളിയാഴ്ച ഉണ്ടായ തീപ്പിടുത്തത്തില്‍ 6,000 ത്തിലധികം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. ആയിരക്കണക്കിന് ഏക്കര്‍ കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 17 ഹെലിക്കോപ്റ്ററുകളിലായി 2,000 ത്തിലധികം അഗ്‌നിശമന സേന അംഗങ്ങളെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
പ്രദേശത്ത് നേരത്തെ തന്നെ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. തീ പടര്‍ന്നതോടെ പൊള്ളലേറ്റതിനാലാണ് ജനങ്ങള്‍ പലായനം ചെയ്യുന്നത്. നിരവധി പേര്‍ ഭീഷണിയിലാണ്. വ്യക്തികളുടെയും വസ്തുവകകളുടെയും സുരക്ഷ മുന്‍ നിര്‍ത്തി കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയിലെ പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാട്ടുതീയുണ്ടാവുകയും ക്രമാതീതമായി കാലാവസ്ഥ വ്യതിയാനത്തിനും വരള്‍ച്ചയ്ക്കും ഇടയായി. ആഗോള താപനത്തിന്റെ തെളിവുകള്‍ രാജ്യത്ത് പ്രകടമാണ്. 12 ലധികം സംസ്ഥാനങ്ങളിലെ 85 ദശലക്ഷത്തിലധികം ആളുകളെ ചൂട് ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവിലെ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ നിയമ നിര്‍മാതാക്കളുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് കാലാവസ്ഥ സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോര്‍ വ്യക്തമാക്കി.