രാജ്യത്ത് യുപിഐ ഇടപാട് വഴിയുള്ള തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം. ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
കേസുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം അറിയിച്ചു. ഡിജിറ്റല്‍ തട്ടിപ്പു കേസുകളെക്കുറിച്ചുള്ള രാജ്യസഭാ എംപി കാര്‍ത്തികേയ ശര്‍മയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍.
2022-23 കാലയളവില്‍ രാജ്യത്ത് 95,000 ത്തിലധികം യുപിഐ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. 2020-21 കാലളവില്‍ കേസുകളുടെ എണ്ണം 77,000 ആയിരുന്നു. 2021-22ല്‍ ഇതു 84,000ത്തിലേക്ക് ഉയര്‍ന്നു. നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം 125 കോടിയിലധികം വിലമതിക്കുന്ന യുപിഐ ഇടപാടുകളാണ് രാജ്യത്തു നടന്നത്.